ഇന്ത്യ ഔദ്യോഗികമായി തിരയുന്ന പിടികിട്ടാപ്പുള്ളിയും കുപ്രസിദ്ധനുമായ ഗുണ്ടാത്തലവൻ ഹിമാൻഷു ഭാവു അമേരിക്കയിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. കൊലപാതകം, വധശ്രമം, ഭീഷണിപ്പെടുത്തി പണം തട്ടൽ തുടങ്ങി ഡൽഹിയിലും ഹരിയാനയിലുമായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഈ കുറ്റവാളി.
ഹരിയാനയിലെ റോഹ്തക് ജില്ലയിലെ റിത്തോലി സ്വദേശിയായ ഇയാളുടെ യഥാർഥ പേര് ഹിമാൻഷു റിത്തോലിയ എന്നാണ്. വിദേശത്തിരുന്നുകൊണ്ട് ഡൽഹി, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ശക്തമായ ഒരു അധോലോക ശൃംഖലയാണ് ഇയാൾ കെട്ടിപ്പടുത്തിട്ടുള്ളത്.
ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ അഭ്യർത്ഥനയെ തുടർന്ന് 2023 ഓഗസ്റ്റിൽ ഇയാൾക്കെതിരെ ഇന്റർപോൾ റെഡ് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), ഡൽഹി പൊലീസ്, ഹരിയാന പൊലീസ് എന്നിവരുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ് ഹിമാൻഷു ഭാവു.
ആരാണ് ഹിമാൻഷു ഭാവു?
2002-ൽ ജനിച്ച ഭാവു കൗമാരപ്രായത്തിൽത്തന്നെ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് കടന്നുകൂടി. 2020-ൽ മറ്റ് തടവുകാർക്കൊപ്പം ജുവനൈൽ ഒബ്സർവേഷൻ ഹോമിൽ നിന്ന് ഇയാൾ രക്ഷപ്പെടുകയായിരുന്നു.
വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്നതായിരുന്നു ഇയാളുടെ അധോലോക പ്രവർത്തനങ്ങൾ. വിദേശത്ത് സുരക്ഷിതമായി ഇരുന്ന് ഇന്ത്യയിലെ തന്റെ കൂട്ടാളികളെ നിയന്ത്രിക്കുന്നതായിരുന്നു ഇയാളുടെ രീതി.
കുപ്രസിദ്ധ ഗുണ്ടാസംഘത്തലവൻ നീരജ് ബവാനയുമായി അടുത്ത ബന്ധം പുലർത്തുന്ന ഇയാൾ, ലോറൻസ് ബിഷ്ണോയ്, ഗോൾഡി ബ്രാർ സംഘവുമായി കടുത്ത കുടിപ്പകയിലാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഡൽഹിയിലും ഹരിയാനയിലും വലിയ കോളിളക്കം സൃഷ്ടിച്ച ഒട്ടേറെ വെടിവയ്പ്, കൊലപാതക കേസുകളിൽ ഭാവുവിനും സംഘാംഗങ്ങൾക്കും നേരിട്ട് പങ്കുള്ളതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
ഡൽഹിയിലെ ബർഗർ കിങ് ഔട്ട്ലെറ്റിൽ നടന്ന കൊലപാതകം, പ്രമുഖ യുട്യൂബർ എൽവിഷ് യാദവിന്റെ വീടിന് നേരെയുണ്ടായ വെടിവയ്പ് തുടങ്ങിയ സുപ്രധാന ആക്രമണങ്ങളിലും ഇയാൾ പങ്കാളിയായിരുന്നു. വ്യവസായികളെ വെടിവെയ്പ്പിലൂടെയും കടുത്ത ഭീഷണികളിലൂടെയും ഭയപ്പെടുത്തി വൻതുക തട്ടിയെടുക്കുന്നതായിരുന്നു ഇവരുടെ പ്രധാന പ്രവർത്തന ശൈലി.
2022-ൽ വെറും 24 മണിക്കൂറിനുള്ളിൽ ഹരിയാനയിൽ മൂന്ന് കൊലപാതകങ്ങൾ നടന്ന സംഭവത്തിന് ശേഷമാണ് ഭാവു പൊലീസിന്റെ ശക്തമായ നിരീക്ഷണ വലയത്തിലാകുന്നത്. വാടകക്കൊലയാളികളെയും അത്യാധുനിക ആയുധങ്ങളുള്ള കൂട്ടാളികളെയും ഉപയോഗിച്ചായിരുന്നു ഇയാൾ പലപ്പോഴും അക്രമങ്ങൾ അഴിച്ചുവിട്ടിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

