പ്രമുഖ കലാസംഘാടകനും സൂര്യ സ്റ്റേജ് ആന്റ് ഫിലിം സൊസൈറ്റിയുടെ അമരക്കാരനുമായ സൂര്യ കൃഷ്ണമൂർത്തിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി നടി നവ്യ നായർ. മൂന്ന് ദിവസം മുൻപ് ഐസിയുവിൽ കഴിഞ്ഞിരുന്ന വേളയിൽ അദ്ദേഹം തന്നെ വിളിച്ചിരുന്നുവെന്നും, അതാണ് അദ്ദേഹത്തിന്റെ ശബ്ദം അവസാനമായി കേട്ടതെന്നും നവ്യ വെളിപ്പെടുത്തി.
അദ്ദേഹത്തിന്റെ വേർപാടോടെ നഷ്ടമായിരിക്കുന്നത് വലിയൊരു കലാപാരമ്പര്യമാണെന്നും, അദ്ദേഹത്തിന്റെ ലെഗസി മുന്നോട്ടുകൊണ്ടുപോകാൻ സർക്കാരിന്റെ ഭാഗത്തുനിന്നും ഇടപെടലുകൾ ഉണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു. നവ്യ നായരുടെ വാക്കുകൾ ഇങ്ങനെ: “കുറച്ചു ദിവസമായി സൂര്യാ കൃഷ്ണമൂർത്തി സാർ സുഖമില്ലാതെ ആശുപത്രിയിലായിരുന്നു.
രാവിലെയും വൈകിട്ടും ഞാൻ വിളിക്കും. പ്രദീപേട്ടനെയാണ് വിളിക്കുന്നത്.
എന്നും വിളിക്കുന്നതു കൊണ്ടാകും പ്രദീപേട്ടൻ മൂന്നു ദിവസം മുൻപ് ഐ.സി.യുവിൽ ചെന്നപ്പോൾ നവ്യ വിളിക്കുന്നു എന്നു പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ സാർ അദ്ദേഹത്തിന്റെ ഫോണിൽ നിന്ന് എന്നെ വിളിച്ചു.
വ്യക്തമായി ഒന്നു പറയാൻ പറ്റുന്നുണ്ടായിരുന്നില്ല… നവ്യ.. എന്നു വിളിച്ച് ക്ലിയറല്ലാതെ സംസാരിച്ചു.
അതാണ് അദ്ദേഹത്തെ അവസാനമായി കേട്ടത്…മെഡിക്കൽ റിപ്പോർട്ട് അനുസരിച്ച് 6.45നാണ് സാറ് പോയി എന്നു പറയുന്നത്… സൂര്യാ പ്രോഗ്രാം ഞങ്ങൾ എല്ലാ ദിവസവും കറക്ട് 6.30ന് തുടങ്ങും. സാറിനത് വലിയ നിർബന്ധമാണ്.
സാറപ്പോ ആ ഡിസിപ്ലിനോട് ആ സമയത്ത് തന്നെ പോയതാകും…അദ്ദേഹം എപ്പോഴും വലിയ അഭിമാനത്തോടെ പറയുമായിരുന്നു, നൃത്തത്തിലെ ഉപരിപഠനത്തിന് എന്റെ ഗുരുനാഥ പ്രിയദർശിനി ഗോവിന്ദ്ിലേക്ക് അദ്ദഹമാണ് എന്നെ എത്തിച്ചതെന്ന്… ഞാൻ അത്ര തന്നെ അഭിമാനത്തോടെ പറയും ഞാൻ സൂര്യാകൃഷ്ണമൂർത്തിയുടെയും ശിഷ്യയാണെന്ന്…അദ്ദേഹത്തിന്റെ കലാസപര്യയുടെ തുടർച്ചയാണ് എന്നിലെ കലാകാരിയും. സാറിന്റെ കലാപ്രവർത്തനങ്ങൾ ഒരിക്കലും നിന്നു പോകരുത്.
അതാണ് അദ്ദേഹത്തോടുള്ള ആദരവ്.സാറ് ഇത്തവണത്തെ സൂര്യ ഫെസ്റ്റിവെൽ മാത്രമല്ല, അടുത്ത വർഷത്തെ കൂടി പ്ലാൻ ചെയ്തു വെച്ചിട്ടുണ്ടെന്നാണ് പറയുന്നത്. സാറിന്റെ ലെഗസി എന്നത്തേയ്ക്കുമായി തുടരാൻ സർക്കാർ മുന്നിട്ടിറങ്ങും എന്നുറപ്പാണ്.
സാറിനോടുള്ള എല്ലാ ആദരവോടും ഞാനും ഒപ്പമുണ്ടാകും.”

