സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഐപിഎൽ മാതൃകയിലുള്ള ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ (സിബിഎൽ) ആറാം സീസണിൽ കല്ലടയിൽ നടന്ന രണ്ടാം ലീഗ് മത്സരത്തിൽ അരോമ ബോട്ട് ക്ലബ് തുഴഞ്ഞ അരോമ ചുണ്ടൻ ജേതാക്കളായി. മത്സരത്തിന്റെ നെട്ടായത്തിന്റെ മുക്കാൽ ഭാഗവും പിന്നിടുമ്പോൾ മുന്നിലുണ്ടായിരുന്ന നിരണം ബോട്ട് ക്ലബിന്റെ നിരണം ചുണ്ടനെ അവിശ്വസനീയമായ പോരാട്ടത്തിലൂടെ പിന്തള്ളിയാണ് അരോമയുടെ തുടർച്ചയായ രണ്ടാം വിജയം.
ഫൈനലിൽ അരോമ ചുണ്ടൻ (3.37.867 മിനിറ്റ്), നിരണം ചുണ്ടൻ (3.38.273 മിനിറ്റ്), വീയപുരം ചുണ്ടൻ (3.39.849 മിനിറ്റ്) എന്നീ ക്രമത്തിലാണ് ഫിനിഷ് ചെയ്തത്. തുടക്കത്തിൽ ലീഡ് നിലനിർത്തിയ യുബിസി എഫ് സി തുഴഞ്ഞ വീയപുരം ചുണ്ടൻ പകുതി പിന്നിട്ടപ്പോൾ വേഗത കുറച്ചു.
ആദ്യ ഘട്ടത്തിൽ മൂന്ന് വള്ളങ്ങളും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെച്ചത്. പകുതി പിന്നിടുന്നതിന് തൊട്ടുമുമ്പ് നിരണം മുന്നിലെത്തിയെങ്കിലും, നെട്ടായത്തിന്റെ മുക്കാൽ ഭാഗം പിന്നിട്ട
വേളയിൽ അരോമ നടത്തിയ കുതിപ്പ് സിബിഎൽ ചരിത്രത്തിലെ തന്നെ മികച്ച നിമിഷങ്ങളിലൊന്നായി മാറി. വള്ളംകളി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ച ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രി പിസി വിഷ്ണുനാഥ്, അടുത്ത കൊല്ലം മുതൽ നവംബർ ഒന്നിന് സിബിഎല്ലിന്റെ സമാപന മത്സരമായ പ്രസിഡൻസ് ട്രോഫി വള്ളംകളി നടത്തുവാൻ സാധിക്കുന്ന രീതിയിൽ മത്സരക്രമങ്ങൾ മാറ്റുമെന്ന് അറിയിച്ചു.
കുന്നത്തൂർ എംഎൽഎ ഉല്ലാസ് കോവൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചാത്തന്നൂർ എംഎൽഎ ബി ബി ഗോപകുമാർ മത്സരങ്ങൾ ഫ്ലാഗ് ഓഫ് ചെയ്യുകയും, എംപി കൊടിക്കുന്നിൽ സുരേഷ് മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.
ജില്ലാ കളക്ടർ ആനി ജൂലാ തോമസ്, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ, സിബിഎൽ ഭരണസമിതി അംഗങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. കല്ലടയിലെ ഫിനിഷിംഗ് ക്രമം താഴെ പറയുന്നതാണ്:
1.
അരോമ ചുണ്ടൻ (അരോമ ബോട്ട് ക്ലബ്ബ്, പരവൂർ, കൊല്ലം)
2. നിരണം ചുണ്ടൻ (നിരണം ബോട്ട് ക്ലബ്ബ്, നിരണം)
3.
വീയപുരം ചുണ്ടൻ (യുബിസി കൈനകരി എഫ് സി)
4. മേൽപ്പാടം ചുണ്ടൻ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്)
5.
പുണ്യാളൻ നിരണം (കുമരകം ടൗൺ ബോട്ട് ക്ലബ്ബ്, കുമരകം)
6. ചെറുതന ചുണ്ടൻ (എൻബിസി നാട്ടകം ബോട്ട് ക്ലബ്ബ്)
7.
ആർപ്പൂക്കര ചുണ്ടൻ (ഇമ്മാനുവൽ ബോട്ട് ക്ലബ്ബ്, കുമരകം)
8. നടുഭാഗം ചുണ്ടൻ (പി.ബി.സി.
പുന്നമട, എൻസിഎഫ് സി ബോട്ട് ക്ലബ്ബ്)
9. തലവടി ചുണ്ടൻ (വില്ലേജ് ബോട്ട് ക്ലബ്ബ്)
തിരുവോണത്തിന് ശേഷമുള്ള 28-ാം ഓണത്തിൽ നടന്ന കല്ലട
ജലോത്സവത്തോടനുബന്ധിച്ച് ഇരുട്ടുകുത്തി, വെപ്പ് തുടങ്ങിയ ചെറുവള്ളങ്ങളുടെ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. ഫൈനലടക്കം ആകെ 11 മത്സരങ്ങളാണ് ഈ സീസണിലുള്ളത്.
ആലപ്പുഴ പാണ്ടനാട് (സെപ്റ്റംബർ 26), തൃശൂർ കോട്ടപ്പുറം (ഒക്ടോബർ 4), എറണാകുളം മറൈൻ ഡ്രൈവ് (ഒക്ടോബർ 10), പിറവം (ഒക്ടോബർ 17), കോട്ടയം താഴത്തങ്ങാടി (ഒക്ടോബർ 24), ആലപ്പുഴ പുളിങ്കുന്ന് (ഒക്ടോബർ 31), കൈനകരി (നവംബർ 7), കായംകുളം (നവംബർ 14) എന്നിവിടങ്ങളിലാണ് മറ്റ് ലീഗ് മത്സരങ്ങൾ നടക്കുക. നവംബർ 21-ന് കൊല്ലത്ത് നടക്കുന്ന പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയോടെ ഈ വർഷത്തെ സിബിഎൽ സീസൺ സമാപിക്കും.
ഓരോ മത്സര വേദിയിലും വിജയികളാകുന്ന ഒന്നാം സ്ഥാനക്കാർക്ക് 5 ലക്ഷം രൂപയും, രണ്ടാം സ്ഥാനക്കാർക്ക് 3 ലക്ഷം രൂപയും, മൂന്നാം സ്ഥാനക്കാർക്ക് 1 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. കൂടാതെ ഓരോ ടീമിനും ബോണസായി 4 ലക്ഷം രൂപ വീതവും നൽകുന്നുണ്ട്.
ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടുന്ന ക്ലബിന് 25 ലക്ഷവും, രണ്ടാം സ്ഥാനത്തിന് 15 ലക്ഷവും, മൂന്നാം സ്ഥാനത്തിന് 10 ലക്ഷം രൂപയുമാണ് സമ്മാനത്തുകയായി ലഭിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

