നിർമിതബുദ്ധി (എഐ) സംവിധാനങ്ങൾ തികച്ചും നിഷ്പക്ഷമാണെന്ന ധാരണയെ അടിമുടി ചോദ്യം ചെയ്യുന്ന പുതിയ ഗവേഷണ ഫലങ്ങൾ പുറത്ത്. മനുഷ്യരുടെ ലിംഗവിവേചനം നിർമിതബുദ്ധിയിലേക്കും പടരുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്ന സാഹചര്യമാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.
ഒരേ യോഗ്യതയും സമാനമായ ജോലിയും ഉണ്ടായിരുന്നിട്ടും, സ്ത്രീരൂപത്തിലുള്ള എഐ ഏജന്റിന് പുരുഷരൂപത്തിലുള്ള എഐ ഏജൻ്റിനെക്കാൾ കുറഞ്ഞ പ്രതിഫലം നൽകിയതായി പഠനത്തിൽ വ്യക്തമായി. അയർലൻഡിലെ യൂണിവേഴ്സിറ്റി ഓഫ് ലിമെറിക് ലെ ഗവേഷകരാണ് ഈ പ്രമുഖ പഠനം നടത്തിയത്.
വെർച്വൽ റിയാലിറ്റി ഓഫീസിൽ 189 ജീവനക്കാരെ ഉൾപ്പെടുത്തി വിവിധ ജോലികൾ ചെയ്യിപ്പിച്ചായിരുന്നു പരീക്ഷണം. ടെക്സ്റ്റ് ചാറ്റ്ബോട്ട്, മേശപ്പുറ റോബോട്ട്, മനുഷ്യരൂപത്തിലുള്ള രണ്ട് എഐ സഹായികൾ എന്നിവരുമായി പങ്കാളികൾ നിരന്തരം ഇടപെട്ടു.
ജോഹാൻ (Johan), ജോഹന്ന (Johanna) എന്നിങ്ങനെ പേരിട്ട മനുഷ്യരൂപത്തിലുള്ള സഹായികളിൽ ആദ്യത്തേത് പുരുഷരൂപത്തിലും രണ്ടാമത്തേത് സ്ത്രീരൂപത്തിലുമാണ് അവതരിപ്പിച്ചത്.
ഇരുവർക്കും ഒരേ സാങ്കേതികവിദ്യയും തുല്യമായ പ്രവർത്തനശേഷിയുമായിരുന്നു ഉണ്ടായിരുന്നത്. ജോലികൾ പൂർത്തിയാക്കിയ ശേഷം പങ്കാളികൾക്ക് യഥാർഥ പണം നൽകുകയും, അത് തങ്ങൾക്കും എഐ സഹായികൾക്കുമിടയിൽ പ്രതിഫലമായി വിഭജിക്കാനുള്ള നിർദേശവും നൽകി.
എന്നാൽ പരീക്ഷണത്തിന്റെ ഫലം ഞെട്ടിക്കുന്നതായിരുന്നു. ഒരേ ജോലി ചെയ്ത ജോഹന്നയ്ക്ക് ജോഹാനെക്കാൾ ശരാശരി 10.25 ശതമാനം കുറഞ്ഞ തുകയാണ് പങ്കാളികൾ നൽകിയത്.
കൂടാതെ, പുരുഷരൂപത്തിലുള്ള സഹായിയെ കൂടുതൽ മനുഷ്യസമാനമായും പങ്കാളികൾ വിലയിരുത്തുകയുണ്ടായി. തങ്ങളുടെ തീരുമാനങ്ങളിൽ ലിംഗവ്യത്യാസം സ്വാധീനിച്ചിട്ടില്ലെന്ന് വാദിച്ച ചിലർ പോലും പുരുഷരൂപത്തിലുള്ള സഹായിക്ക് കൂടുതൽ പ്രതിഫലം നൽകിയതായി ഗവേഷകർ കണ്ടെത്തി.
എഐയുടെ രൂപകൽപ്പനയും അവതരണവും മനുഷ്യരിലെ മുൻവിധികളെ പുനരുജ്ജീവിപ്പിക്കാമെന്ന് പഠനത്തിന്റെ സഹരചയിതാവായ ഡോ. മേരി ഹൗസ്ഫെൽ മുന്നറിയിപ്പ് നൽകുന്നു.
ജോലിസ്ഥലങ്ങളിൽ നിർമിതബുദ്ധിയുടെ ഉപയോഗം അതിവേഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരം സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യുമ്പോൾ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യ ഒരുപോലെയാണെന്നത് കൊണ്ടുമാത്രം വിവേചനം ഇല്ലാതാകില്ലെന്ന സുപ്രധാന സന്ദേശമാണ് ഈ പഠനം ലോകത്തിന് നൽകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

