ശുദ്ധജലമടക്കം അടിസ്ഥാന സൗകര്യങ്ങൾ ആവശ്യപ്പെട്ട് ഉത്തർപ്രദേശിൽ വിദ്യാർഥികൾ ആരംഭിച്ച സമരം കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കു വ്യാപിക്കുകയാണ്. സർക്കാർ സ്കൂളുകളിലെ അധ്യാപകക്ഷാമം, അടിസ്ഥാനസൗകര്യമില്ലാത്ത കെട്ടിടങ്ങൾ, വ്യത്തിഹീനമായ ഉച്ചഭക്ഷണം, ശുദ്ധജലക്ഷാമം, അധികൃതരുടെ മോശംപെരുമാറ്റം തുടങ്ങിയ പ്രശ്നങ്ങൾ ഉയർത്തി പ്രൈമറി സ്കൂളിലെ കുട്ടികളടക്കമാണ് തെരുവിലിറങ്ങിയിരിക്കുന്നത്.
കഴിഞ്ഞ മാസാവസാനം ഫത്തേപൂർ സർവോദയ സ്കൂളിൽ ഫാനുകളും ശുചിമുറികളും ശുദ്ധജലവും ആവശ്യപ്പെട്ട് 1500 കുട്ടികൾ 6 മണിക്കൂർ ധർണയിരുന്നതോടെ ഉന്നത ഉദ്യോഗസ്ഥർക്കു സ്ഥലത്തെത്തി ഉറപ്പുകൊടുക്കേണ്ടിവന്നു. ഈ മാസം സമാനമായ ആവശ്യങ്ങളുമായി 6 ഇടങ്ങളിൽ കുട്ടികൾ സമരരംഗത്തിറങ്ങി.
കനൗജിലെ ജവാഹർ നവോദയ വിദ്യാലയത്തിലെ കുട്ടികൾ മെസ് ഭക്ഷണം ബഹിഷ്കരിച്ച് ഹോസ്റ്റൽ മുറിയിൽ അടച്ചിരുന്നാണു പ്രതിഷേധിച്ചത്. ഭട്പുർവ സമുഹിയിൽ മുടങ്ങിക്കിടക്കുന്ന കെട്ടിടനിർമാണം ഉടൻ പൂർത്തിയാക്കുമെന്ന ഉറപ്പു ലഭിക്കാതെ ക്ലാസിലിരിക്കില്ലെന്നു പ്രഖ്യാപിച്ചു 250 ലേറെ പ്രൈമറി വിദ്യാർഥികളാണു ധർണ നടത്തിയത്.
പൊട്ടിപ്പൊളിഞ്ഞ റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം ഹാമിർപുർ സർക്കാർ സ്കൂളിലെ 300 കുട്ടികൾ 6 കിലോമീറ്റർ നടന്ന് കലക്ടറേറ്റ് മാർച്ച് സംഘടിപ്പിച്ചു. ലക്നൗവിലും അധ്യാപക ക്ഷാമത്തിനും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയ്ക്കുമെതിരെ പ്രതിഷേധങ്ങൾ അരങ്ങേറുന്നുണ്ട്.
ഉന്നാവിലും കുട്ടികളുടെ സമാനപ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. ഡൽഹി ജെൻ സീ പ്രക്ഷോഭ മാതൃകയിൽ ബിഹാർ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും സമാനമായ ജെൻ ആൽഫ പ്രതിഷേധങ്ങൾ വ്യാപിക്കുന്നുണ്ട്.
സമൂഹമാധ്യമങ്ങളിലൂടെ വലിയ ജനശ്രദ്ധനേടുന്ന സമരം സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇതിനെത്തുടർന്ന് യുട്യൂബർമാർ സ്കൂളുകളിൽ കയറി വിഡിയോ എടുക്കുന്നതു യുപി സർക്കാർ വിലക്കി.
കുട്ടികളോടു നേരിട്ടു സംസാരിച്ച് പ്രശ്നപരിഹാരം കണ്ടെത്താൻ സമരമേഖലയിലേക്ക് ഉന്നത ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയോഗിച്ചിട്ടുണ്ട്. കുട്ടികൾക്കെതിരെ ബലപ്രയോഗം പാടില്ലെന്നു പൊലീസിനും കർശന നിർദേശം നൽകിയിട്ടുണ്ട്.
കൂടാതെ, സ്കൂളുകളിലെ പ്രശ്നങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ നടപടിയെടുക്കാൻ കലക്ടർമാർക്കും നിർദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

