പഞ്ചാബ് പൊലീസിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കനാലിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചതായി റിപ്പോർട്ട്. ഭാര്യ പ്രാദേശിക തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചതിന് പിന്നാലെ കടുത്ത ബ്ലാക്ക്മെയിലിംഗും മാനസിക പീഡനവും നേരിട്ടതായി ആരോപിച്ചാണ് സംഭവം.
പഞ്ചാബിലെ ഫിറോസ്പൂർ ജില്ലയിലാണ് ഈ ദാരുണ സംഭവം നടന്നിരിക്കുന്നത്. കാണാതായ ഗുർദയാൽ സിംഗ് എന്ന എഎസ്ഐയെ കണ്ടെത്തുന്നതിനായി പൊലീസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കനാലിൽ തെരച്ചിൽ തുടരുകയാണ്.
വ്യാഴാഴ്ച രാവിലെയാണ് ഇദ്ദേഹം കനാലിലേക്ക് ചാടിയതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിന് തലേദിവസം ഗുർദയാൽ സിംഗ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ കേസിൽ നിർണായകമായിരിക്കുകയാണ്.
തന്നെ നിരന്തരം പീഡിപ്പിക്കുകയും അപമാനിക്കുകയും ബ്ലാക്ക്മെയിൽ ചെയ്യുകയും ചെയ്ത ഏഴ് പേരുടെ പേരുകൾ അദ്ദേഹം ഈ വീഡിയോയിൽ വെളിപ്പെടുത്തിയിരുന്നു. തന്റെ ചിത്രങ്ങൾ ദുരുപയോഗം ചെയ്ത് അശ്ലീല വീഡിയോകൾ നിർമ്മിച്ചെന്നും, സമൂഹത്തിൽ അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്നുമാണ് വീഡിയോയിൽ ഉദ്യോഗസ്ഥൻ ആരോപിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് കാണാതായ ഉദ്യോഗസ്ഥന്റെ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഏഴുപേർക്കെതിരെ കേസെടുത്തതായി ഫിറോസ്പൂർ സൂപ്രണ്ട് ഓഫ് പൊലീസ് മൻജീത് സിംഗ് അറിയിച്ചു. ബ്ലാക്ക്മെയിലിംഗ്, പണം തട്ടിയെടുക്കൽ, വ്യാജ വീഡിയോ പ്രചരിപ്പിക്കൽ തുടങ്ങിയ എല്ലാ ആരോപണങ്ങളും വിശദമായി പരിശോധിച്ച് അന്വേഷണം നടത്തുകയാണെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

