തമിഴ്നാട് നിയമസഭയുടെ പ്രഥമ സമ്മേളനം നാടകീയമായ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ഭരണപക്ഷമായ ടിവികെയും പ്രതിപക്ഷമായ ഡിഎംകെയും തമ്മിൽ സഭയിൽ രൂക്ഷമായ വാക്പോരാണ് അരങ്ങേറിയത്.
സഭയിൽ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയായി, താൻ ആരുടെയും ‘ബി’ ടീം അല്ലെന്നും സംസ്ഥാനത്തിന്റെ വികസനമാണ് തന്റെ സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും മുഖ്യമന്ത്രി സി.ജോസഫ് വിജയ് വ്യക്തമാക്കി. സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലെത്തിയ തന്നെ പരിഹസിക്കുന്നവർക്ക് മറുപടിയായി അദ്ദേഹം ഇങ്ങനെ പറഞ്ഞു: “സിനിമ ഷൂട്ടിങ്ങിനിടെ വന്ന് മുഖ്യമന്ത്രിയായെന്നാണ് എനിക്കു നേരെയുള്ള വിമർശനം.
അതു റീൽ മാത്രമാണ് റിയൽ അല്ല. ഒട്ടേറെ സാമൂഹിക പ്രവർത്തനങ്ങൾ നടത്തിയാണ് ഇതുവരെയെത്തിയതെന്നും വിജയ് പറഞ്ഞു.” സഭയിൽ പ്രതിപക്ഷത്തെ കടന്നാക്രമിക്കാൻ കഥകൾ ഉദ്ധരിച്ചുള്ള ശൈലിയാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.
“ഒരു കുട്ടിക്കഥ പറയാം; പാടത്ത് ഒറ്റയ്ക്കു നിൽക്കുന്ന മുതിർന്നയാളോടു ഒരു കുട്ടി ചോദിച്ചു എന്താണ് തേടുന്നതെന്ന് ? നിന്റെ പിതാവിനെയാണെന്നായിരുന്നു മറുപടി” എന്ന് അദ്ദേഹം പറഞ്ഞു. ഇത് ഉദയനിധി സ്റ്റാലിനെ ഉദ്ദേശിച്ചുള്ള പ്രസ്താവനയായി വിലയിരുത്തപ്പെടുന്നു.
ഇതിന് മറുപടിയായി, “ചെങ്കൽപ്പെട്ട് കോടതിയിൽ ഭർത്താവിനെ തേടുന്ന ഭാര്യയുടെ കഥ”യുണ്ടെന്ന് ഉദയനിധി സ്റ്റാലിൻ തിരിച്ചടിച്ചു. നിലവിൽ ചെങ്കൽപ്പെട്ട് കോടതിയിൽ മുഖ്യമന്ത്രിയുടെ വിവാഹമോചന കേസ് നടക്കുന്നുണ്ട്.
സഭാ നടപടികൾക്കിടെ പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങൾ ശ്രദ്ധേയമായി. ‘ഈവിൾസ്, ഈവിൾസ് എന്നു ഡെവിൾസ് പറയാൻ പാടില്ല’ എന്ന് അദ്ദേഹം പ്രതിപക്ഷത്തോട് പറഞ്ഞു.
സമ്മേളനത്തിന്റെ അവസാന ദിനം, തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഉദയനിധി സ്റ്റാലിൻ നടത്തിയ ‘പുഷ്പ’ ആക്ഷൻ അതേപടി അനുകരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി സി.ജോസഫ് വിജയ് തന്റെ കന്നിപ്രസംഗം അവസാനിപ്പിച്ചത്. സ്പീക്കറുടെ അനുമതിയോടെയായിരുന്നു ഈ നാടകീയമായ രംഗം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

