കോവളം ബീച്ച് റോഡിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിനുള്ളിൽ വിഷപ്പാമ്പിനെ കണ്ടെത്തിയത് ആശങ്ക പരത്തി. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുടെ ഉടമസ്ഥതയിലുള്ള സ്കൂട്ടറിലാണ് മൂർഖൻ പാമ്പ് കയറിപ്പറ്റിയത്.
സ്കൂട്ടറിലേക്ക് പാമ്പ് ഇഴഞ്ഞു കയറുന്നത് സഹപ്രവർത്തകർ നേരിൽ കണ്ടതോടെ ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കോവളം പൊലീസ് സ്റ്റേഷനിലും വിഴിഞ്ഞം അഗ്നിരക്ഷാ സേനയിലും വിവരം നൽകി.
സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയുടെ സിവിൽ ഡിഫൻസ് വിഭാഗത്തിലെ സർപ്പ വൊളന്റിയർമാരായ സജീവ്, ദീപു എന്നിവർ വാഹനം വിശദമായി പരിശോധിച്ചെങ്കിലും ആദ്യം പാമ്പിനെ കണ്ടെത്താനായില്ല. പാമ്പ് വാഹനത്തിന്റെ ഉൾഭാഗത്തേക്ക് ഇഴഞ്ഞു കയറിയെന്ന് ഉറപ്പായതോടെ, വാഹനം പൂർണ്ണമായും അഴിച്ചുമാറ്റി പരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു.
സ്കൂട്ടറിന്റെ ചെയ്സിനുള്ളിൽ ഒളിച്ചിരുന്ന നിലയിൽ പാമ്പിനെ പിന്നീട് കണ്ടെത്തി. കണ്ടെത്തിയ പാമ്പ് സാമാന്യം വലുപ്പമുള്ള മൂർഖൻ ഇനത്തിൽപ്പെട്ടതാണെന്ന് സർപ്പ വൊളന്റിയർമാർ വ്യക്തമാക്കി.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ പിടികൂടി സുരക്ഷിതമായി മാറ്റാൻ സാധിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

