റിയാദ്: സൗദി അറേബ്യയിൽ പ്രവാസി മലയാളി മസ്തിഷ്കാഘാതത്തെ തുടർന്ന് അന്തരിച്ചു. മലപ്പുറം നിലമ്പൂർ പൂക്കോട്ടുംപാടം പാറക്കപാടം സ്വദേശിയായ കരിക്കാട്ട് ഭാസ്കരൻ (60) ആണ് ജിദ്ദയിൽ മരണപ്പെട്ടത്.
ജിദ്ദയിലെ ഹസ്സൻ ഗസ്സാവി ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്ന അദ്ദേഹം ശനിയാഴ്ചയാണ് അന്തരിച്ചത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ജിദ്ദയിലെ ബലദിൽ ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം.
വേലുക്കുട്ടിയാണ് പിതാവ്, മാതാവ് പത്മാവതി. ബീനയാണ് ഭാര്യ.
ശരത്, കാവ്യ എന്നിവർ മക്കളാണ്. ആശുപത്രിയിലെയും നയതന്ത്ര കാര്യാലയങ്ങളിലെയും തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
മരണാനന്തര നിയമനടപടികൾക്കായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് രംഗത്തുണ്ട്.

