സ്കൂൾ വിദ്യാർത്ഥികളുടെ അച്ചടക്കം, മൊബൈൽ ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട് സുപ്രധാന ഉത്തരവുകളുമായി സംസ്ഥാന ബാലാവകാശ കമ്മീഷൻ രംഗത്തെത്തി. ലഹരിവസ്തുക്കൾ ഉൾപ്പെടെ ആരോഗ്യത്തിന് ഹാനികരമായ സാധനങ്ങൾ വിദ്യാർത്ഥികളുടെ പക്കലില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി സ്കൂൾ അധികൃതർക്ക് ബാഗുകൾ പരിശോധിക്കാമെന്ന് കമ്മീഷൻ വ്യക്തമാക്കി.
എന്നാൽ ഇത്തരം പരിശോധനകൾ കുട്ടികളുടെ അന്തസ്സിനും അഭിമാനത്തിനും ഒട്ടും കോട്ടം തട്ടാത്ത വിധത്തിലായിരിക്കണം നടത്തേണ്ടത്. ക്ലാസ് സമയങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് അതീവ ഗൗരവമുള്ള അച്ചടക്ക ലംഘനമായി കണക്കാക്കണം.
സ്കൂൾ സമയം അവസാനിക്കുന്നത് വരെ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള ആവശ്യമായ ക്രമീകരണങ്ങൾ സ്കൂൾ അധികാരികൾ ഒരുക്കണം. അച്ചടക്ക നടപടികളുടെ ഭാഗമായി കുട്ടികളെ അപമാനിക്കുന്നതോ മാനസികമായി പീഡിപ്പിക്കുന്നതോ ക്ലാസിൽ നിന്ന് പുറത്താക്കുന്നതോ ആയ രീതികൾ പാടില്ലെന്നും കമ്മീഷൻ ഓർമ്മിപ്പിച്ചു.
സ്കൂളുകളിലെ യൂണിഫോം, ഹെയർ സ്റ്റൈൽ എന്നിവ സംബന്ധിച്ച മാനദണ്ഡങ്ങൾ പാലിക്കാൻ അധികൃതർക്ക് വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകാവുന്നതാണ്. കൂടാതെ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വൃത്തിയും വെടിപ്പുമുള്ള ശൗചാലയങ്ങൾ ഉറപ്പാക്കാനുള്ള നടപടികളും സ്വീകരിക്കേണ്ടതുണ്ട്.
അച്ചടക്കവുമായി ബന്ധപ്പെട്ട് വിവിധ കോണുകളിൽ നിന്ന് ലഭിച്ച പരാതികൾ വിശദമായി പരിശോധിച്ച ശേഷമാണ് കമ്മീഷൻ ഈ ഉത്തരവുകൾ പുറപ്പെടുവിച്ചിരിക്കുന്നത്. ഈ നിർദേശങ്ങൾ നടപ്പിലാക്കിയത് സംബന്ധിച്ച സമഗ്രമായ റിപ്പോർട്ട് അടുത്ത 60 ദിവസത്തിനകം സമർപ്പിക്കണമെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

