പുന്നയൂർക്കുളം മേഖലയിൽ ഒന്നര വർഷം മുൻപ് ഒരു കോടിയിലധികം രൂപ ചെലവഴിച്ച് നിർമിച്ച അണ്ടത്തോട്-പെരിയമ്പലം ലിങ്ക് റോഡിന്റെ 50 മീറ്ററോളം ഭാഗം കടലെടുത്തു. കടലിൽനിന്ന് വെറും 20 മീറ്റർ മാത്രം അകലെ പുതിയ റോഡ് നിർമിച്ചപ്പോൾ നാട്ടുകാർ പ്രകടിപ്പിച്ച ആശങ്കകളാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്.
ബീച്ചിനോട് ചേർന്ന് 700 മീറ്റർ ദൂരത്തിലാണ് ഈ പാത നിർമിച്ചത്. ഓപ്പൺ ജിം, നടപ്പാത എന്നിവ ഉൾപ്പെടെ 1.47 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്.
2020ൽ പദ്ധതിക്ക് രൂപം നൽകിയെങ്കിലും അധികൃതരുടെ അനാസ്ഥ മൂലം നിർമാണം പൂർത്തിയാക്കാൻ അഞ്ച് വർഷത്തോളം വേണ്ടിവന്നു. പ്രഖ്യാപിച്ച മറ്റ് അനുബന്ധ നിർമാണങ്ങൾ ഒന്നും തന്നെ നടപ്പിലാക്കാനും തയ്യാറായില്ല.
ഹാർബർ എൻജിനീയറിങ് വകുപ്പിനായിരുന്നു പദ്ധതിയുടെ നിർമാണച്ചുമതല. തങ്ങൾപ്പടി, പെരിയമ്പലം മേഖലകളിൽ കഴിഞ്ഞ പത്ത വർഷത്തോളമായി രൂക്ഷമായ കടലെറ്റമാണ് അനുഭവപ്പെടുന്നത്.
ഇവിടെ ഗ്രാമപഞ്ചായത്ത് നിർമിച്ചിരുന്ന ശുചിമുറികളും വിശ്രമകേന്ദ്രവും നേരത്തെ തന്നെ കടലെടുത്തിരുന്നു. ഈ സാഹചര്യങ്ങൾ നിലനിൽക്കെയാണ് ഇവിടെ റോഡ് നിർമിക്കാൻ പദ്ധതി തയ്യാറാക്കിയത്.
വർഷംതോറും കടൽക്ഷോഭം രൂക്ഷമാകുന്ന പ്രദേശത്ത് റോഡും അപകടത്തിലാകുമെന്ന് തീരദേശവാസികൾ ശക്തമായ ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും അധികൃതർ ഇത് വകവെച്ചില്ലെന്നാണ് പ്രധാന ആക്ഷേപം. നിർമാണം ആരംഭിക്കുമ്പോൾ കടൽ റോഡിൽ നിന്ന് 60 മീറ്റർ അകലെയായിരുന്നുവെങ്കിൽ, ടാറിങ്ങിനായി മെറ്റൽ നിരത്തിയപ്പോഴേക്കും ഇത് 20 മീറ്ററായി കുറഞ്ഞു.
നിലവിൽ പ്രദേശത്ത് കടൽഭിത്തി നിർമാണം പുരോഗമിക്കുന്നുണ്ടെങ്കിലും റോഡ് തകർന്ന ഭാഗത്തേക്ക് ഈ പ്രവൃത്തികൾ എത്തിയിട്ടില്ല. ഭിത്തി നിർമിച്ച ഭാഗങ്ങളിൽ റോഡിന് സുരക്ഷയുണ്ടെങ്കിലും, റോഡിന്റെ ഒരു ഭാഗം പൂർണമായി ഒലിച്ചുപോയതിനാൽ പാത ഇപ്പോൾ എവിടെയും എത്തിച്ചേരാത്ത അവസ്ഥയിലാണ്.
ലിങ്ക് റോഡ് അവസാനിക്കുന്ന ഭാഗത്തുനിന്ന് പെരിയമ്പലം വരെ മുൻപ് റോഡ് ഉണ്ടായിരുന്നെങ്കിലും അതും രണ്ട് വർഷം മുൻപ് കടലെടുത്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

