തിരുവനന്തപുരം നഗരത്തിൽ പുതിയ അബ്കാരി നയത്തിന്റെ ഭാഗമായുള്ള കൂടിയാലോചനകൾക്ക് ഇന്ന് ഔദ്യോഗികമായി തുടക്കമാവുകയാണ്. ബാറുകളുടെ പ്രവർത്തന സമയം വെട്ടിക്കുറയ്ക്കുന്നതും പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് മുൻകാലങ്ങളിൽ അനുവദിച്ചിരുന്ന പ്രത്യേക ഇളവുകൾ പിൻവലിക്കുന്നതും സർക്കാരിന്റെ സജീവമായ പരിഗണനയിലുണ്ട്.
നിലവിലുള്ള ക്രമീകരണപ്രകാരം രാവിലെ 10 മുതൽ രാത്രി 12 മണിവെരെയാണ് ബാറുകൾ പ്രവർത്തിക്കുന്നത്. എന്നാൽ ഈ സമയം രാവിലെ 11 മുതൽ രാത്രി 11 മണിവെരെയായി ചുരുക്കാനാണ് പ്രധാനമായും ആലോചിക്കുന്നത്.
ഇന്ന് രാവിലെ പതിനൊന്നരയോടെ തൈക്കാട് ഗസ്റ്റ് ഹൗസിൽ വെച്ച് എക്സൈസ് മന്ത്രി എം.ലിജുവിന്റെ അധ്യക്ഷതയിലാണ് നിർണ്ണായക യോഗം ചേരുന്നത്. ചർച്ചകളുടെ ആദ്യഘട്ടമെന്ന നിലയിൽ മദ്യനിരോധന സമിതി ഭാരവാഹികൾ, വിവിധ മതമേലധ്യക്ഷന്മാർ, സാമൂഹ്യ പ്രവർത്തകർ എന്നിവരുമായാണ് ഇന്ന് കൂടിക്കാഴ്ച നടത്തുന്നത്.
തുടർന്ന് വെള്ളിയാഴ്ച ബാർ ജീവനക്കാരുമായി മന്ത്രി ചർച്ചകൾ നടത്തുമ്പോൾ, ഈ മാസം 28-ാം തീയതി മുൻ എക്സൈസ് മന്ത്രിമാരുടെ യോഗവും വിളിച്ചുചേർത്തിട്ടുണ്ട്. വരുന്ന മാസം ആദ്യ വാരത്തോടെ പുതിയ മദ്യനയത്തിന്റെ അന്തിമ രൂപരേഖ തയ്യാറാക്കാനാണ് ലക്ഷ്യമിടുന്നത്.
മുന്നണി തലത്തിൽ സമഗ്രമായ ചർച്ചകൾ നടത്തിയ ശേഷമാകും നയം അന്തിമമായി പ്രഖ്യാപിക്കുക. ബാർ പ്രവർത്തന സമയം കുറയ്ക്കുന്നത് കൂടാതെ, വീര്യം കുറഞ്ഞ മദ്യത്തിന്റെ ലഭ്യത, ലൈസൻസ് നൽകേണ്ട
ഹോട്ടലുകളുടെ മാനദണ്ഡങ്ങൾ നിശ്ചയിക്കൽ, ബോധവൽക്കരണ പ്രവർത്തനങ്ങൾ, മദ്യപാനം ഉപേക്ഷിച്ചവരുടെ പുനരധിവാസം തുടങ്ങിയ സുപ്രധാന വിഷയങ്ങൾ ചർച്ചകളിൽ മുൻഗണനാ അടിസ്ഥാനത്തിൽ പരിഗണിക്കും. അതേസമയം, ആദ്യ മദ്യനയത്തിൽ പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് നൽകിയിരുന്ന ചില പ്രത്യേക ഇളവുകൾ ഒഴിവാക്കാനും ആലോചനയുണ്ട്.
പ്രത്യേക ഫീസ് അടച്ചുകൊണ്ട് രാത്രി 12 മണിക്ക് ശേഷവും ബാറുകൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുന്ന വ്യവസ്ഥ പിൻവലിക്കാനാണ് നീക്കം നടക്കുന്നത്. എന്നാൽ ഈ തീരുമാനം വെഡ്ഡിങ് ടൂറിസം, മൈസ് ടൂറിസം എന്നിവയ്ക്ക് വലിയ തിരിച്ചടിയാകുമെന്ന് ഹോട്ടലുടമകൾ ഇതിനകം സർക്കാരിനെ ധരിപ്പിച്ചിട്ടുണ്ട്.
ടൂറിസം മേഖലയുടെ ദീർഘകാലമായുള്ള ആവശ്യപ്രകാരമാണ് വെഡ്ഡിങ്, മൈസ് (മീറ്റിങ്സ്, ഇൻസെന്റിവ്സ്, കോൺഫറൻസ്, എക്സിബിഷൻസ്) ടൂറിസത്തിനായി കഴിഞ്ഞ സർക്കാരിന്റെ അബ്കാരി നയത്തിൽ പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് പ്രത്യേക ഇളവുകൾ അനുവദിച്ചിരുന്നത്. വാർഷിക ഫീസായി അഞ്ച് ലക്ഷം രൂപ ഈടാക്കിയാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയിരുന്നത്.
നിലവിൽ മൈസ് ടൂറിസം മേഖല കേരളത്തിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ, പുതിയ നീക്കം ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാകുമെന്നാണ് ബന്ധപ്പെട്ടവർ ചൂണ്ടിക്കാണിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

