തൃശൂർ: പെരിഞ്ഞനത്ത് പലചരക്കു കട നടത്തിവരുന്ന യുവതിയെ ആക്രമിച്ച് ഒന്നേമുക്കാൽ പവൻ തൂക്കം വരുന്ന സ്വർണമാല കവർന്ന കേസിൽ രണ്ടുപേർ പിടിയിലായി.
എമ്മാട് കാരേപ്പറമ്പിൽ വീട്ടിൽ സനോജ് കെ. ഫസൽ (34), കഴുവിലങ്ങ് മാടത്തിങ്കൽ വീട്ടിൽ ഫാസിൻ നൗഷാദ് (27) എന്നിവരാണ് അറസ്റ്റിലായത്.
കൈപ്പമംഗലം പോലീസും തൃശൂർ റൂറൽ ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ പിടിയിലായത്. സംഭവത്തിൻ്റെ പശ്ചാത്തലം ഇങ്ങനെ: മാർച്ച് 16-ന് വൈകീട്ട് 5.20-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പെരിഞ്ഞനം സ്മാരകം സ്കൂളിന് തെക്കുഭാഗത്ത് പലചരക്കു കട നടത്തുന്ന പെരിഞ്ഞനം മൂന്നാംകുറ്റ് ദേശം സ്വദേശിനി ജ്യോതിയുടെ (49) കഴുത്തിൽ കിടന്നിരുന്ന ഒന്നേമുക്കാൽ പവൻ തൂക്കം വരുന്ന സ്വര്ണമാലയാണ് പ്രതികൾ അപഹരിച്ചത്.
സ്കൂട്ടറിലെത്തിയ പ്രതികളിൽ ഒരാൾ കടയിലേക്ക് അതിക്രമിച്ചു കയറി മാല പൊട്ടിച്ചെടുക്കുകയായിരുന്നു. മോഷണശ്രമം തടയാൻ ശ്രമിച്ച ജ്യോതിയെ പ്രതികൾ തള്ളിയിട്ട് ദേഹോപദ്രവം ഏൽപ്പിച്ച ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.
പിടിയിലായ പ്രതികളിൽ ഒരാളായ സനോജ്, മതിലകം പോലീസ് സ്റ്റേഷനിൽ 2024 വർഷത്തിൽ രജിസ്റ്റർ ചെയ്ത ഒരു അടിപിടിക്കേസിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി.
രതീഷ് കുമാർ ആർ., കൈപ്പമംഗലം സബ് ഇൻസ്പെക്ടർമാരായ രഞ്ജിത്ത് കെ., ജയകുമാർ ടി., സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുനിൽ കുമാർ, സിവിൽ പോലീസ് ഓഫീസർ ശരത് ചന്ദ്രൻ എ.സി., ഡാൻസാഫ് അംഗങ്ങളായ സബ് ഇൻസ്പെക്ടർ പ്രദീപ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മിഥുൻ ആർ. കൃഷ്ണ, ബിജു കെ.സി., നിഷാന്ത്, സുർജിത്ത് സാഗർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
അന്വേഷണ സംഘത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടലാണ് പ്രതികളെ വേഗത്തിൽ പിടികൂടാൻ സഹായകരമായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

