റിയാദ്: വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനായി തയ്യാറെടുക്കുന്നതിനിടെ താമസസ്ഥലത്ത് വെച്ച് കുഴഞ്ഞുവീണ് മലയാളി യുവാവ് നിര്യാതനായി. തൃശൂർ ചേലക്കര തോഴുപാടം കുറുക്കൻമൂച്ചിക്കൽ സ്വദേശിയായ അബ്ബാസ് (43) ആണ് റിയാദിൽ മരണപ്പെട്ടത്.
നമസ്കാരത്തിന് പോകുന്നതിന് തൊട്ടുമുമ്പ് അപ്രതീക്ഷിതമായി കുഴഞ്ഞുവീണ അബ്ബാസിനെ സുഹൃത്തുക്കൾ ഉടൻതന്നെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതം മൂലം അൽ ഇമാൻ ജനറൽ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്.
കഴിഞ്ഞ കുറെ വർഷങ്ങളായി റിയാദിലെ അൽ ഹിക്മ മെഡിക്കൽ കമ്പനിയിൽ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. മൂന്ന് മാസം മുമ്പാണ് അവധിക്ക് ശേഷം അബ്ബാസ് നാട്ടിൽ നിന്ന് തിരിച്ചെത്തിയത്.
പരേതനായ മുഹമ്മദാണ് പിതാവ്. നബീസയാണ് മാതാവ്.
ആരിഫയാണ് ഭാര്യ. അദ്നാൻ, അഫ്നാൻ എന്നിവരാണ് മക്കൾ.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. റിയാദ് സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരി, റിയാസ് തിരൂർക്കാട്, ഷൗകത്ത് പുൽപറ്റ, ലത്തീഫ് ഫറൂഖ്, അബ്ദുൽ സത്താർ എന്നിവരുടെ നേതൃത്വത്തിലാണ് തുടർനടപടികൾ ഏകോപിപ്പിച്ചു വരുന്നത്.

