ബെംഗളൂരു നഗരത്തിൽ നിന്നും ഓഗസ്റ്റ് 20 മുതൽ കാണാനില്ലെന്ന തരത്തിൽ വിവിധ കോണുകളിൽ നിന്നും റിപ്പോർട്ടുകൾ പുറത്തുവന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഗ്യാനേന്ദ്ര കുമാർ സ്വന്തം നാട്ടിലേക്ക് യാത്ര തിരിച്ചിരിക്കുകയാണെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖർഗെ അറിയിച്ചു. കുടുംബത്തിലുണ്ടായ അടിയന്തര സാഹചര്യം മുൻനിർത്തിയാണ് ഉദ്യോഗസ്ഥൻ നാട്ടിലേക്ക് പോയതെന്ന് അദ്ദേഹം ശനിയാഴ്ച വൈകിട്ട് മാധ്യമങ്ങളോട് വ്യക്തമാക്കി.
ഐഎഎസ് ഉദ്യോഗസ്ഥനെ കാണാതായതുമായി ബന്ധപ്പെട്ട് ചില റിപ്പോർട്ടുകൾ ലഭ്യമായിട്ടുണ്ടെന്ന് പ്രിയങ്ക് ഖർഗെ ശനിയാഴ്ച രാവിലെ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞിരുന്നു. എന്നാൽ വൈകുന്നേരത്തോടെ സംസ്ഥാന സർക്കാരുമായി ഗ്യാനേന്ദ്ര കുമാർ ബന്ധപ്പെടുകയും ആശയവിനിമയം നടത്തുകയും ചെയ്തതായി മന്ത്രി സ്ഥിരീകരിച്ചു.
ഓഗസ്റ്റ് 20 ന് ബെംഗളൂരു വിമാനത്താവളത്തിൽ എത്തിയതിനു ശേഷമാണ് ഉദ്യോഗസ്ഥനുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്നും അദ്ദേഹത്തെ കാണാനില്ലെന്നുമായിരുന്നു ആദ്യ ഘട്ടത്തിൽ പ്രചരിച്ച വിവരങ്ങൾ. 2016 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേന്ദ്ര കുമാർ നിലവിൽ കർണാടക സർക്കാരിന്റെ വ്യവസായ വാണിജ്യ വകുപ്പിൽ എംഎസ്എംഇ ഡയറക്ടറായി സേവനം അനുഷ്ഠിച്ചു വരികയാണ്.
നേരത്തെ കർണാടക പബ്ലിക് സർവീസ് കമ്മിഷനിൽ (കെപിഎസ്സി) പരീക്ഷാ കൺട്രോളറുടെ ചുമതലയും അദ്ദേഹം വഹിച്ചിട്ടുണ്ട്. അടുത്തിടെ കെപിഎസ്സിയിൽ ഇ.ഡി റെയ്ഡ് നടന്നിരുന്നു.
മുൻ കെപിഎസ്സി ചെയർപഴ്സൻ ശിവശങ്കരപ്പയുടെ കാലത്തുണ്ടായ നിയമന ക്രമക്കേടുകളെ മുൻനിർത്തിയായിരുന്നു ഈ റെയ്ഡുകൾ നടന്നത്. ഇ.ഡി അന്വേഷണ പശ്ചാത്തലവും ഐഎഎസ് ഉദ്യോഗസ്ഥനെ കാണാതായ സംഭവവും തമ്മിൽ ബന്ധമുണ്ടെന്ന തരത്തിലും കഴിഞ്ഞ ദിവസങ്ങളിൽ വാർത്താ ഏജൻസികൾ ഉൾപ്പെടെയുള്ളവ വാർത്തകൾ പുറത്തുവിട്ടിരുന്നു.
എന്നാൽ ഉദ്യോഗസ്ഥനെ കാണാനില്ലെന്ന് കാണിച്ച് കുടുംബാംഗങ്ങളുടെ ഭാഗത്തുനിന്നും ഔദ്യോഗികമായി പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും കർണാടക മന്ത്രി പ്രിയങ്ക് ഖർഗെ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

