റിയാദ്: സൗദി അറേബ്യ ലക്ഷ്യമാക്കി ഹൂതികൾ തൊടുത്ത ഡ്രോൺ വ്യോമസേന തകർക്കുന്നതിനിടയിൽ അവശിഷ്ടങ്ങൾ പതിച്ചുണ്ടായ ദുരന്തത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹൂതി ഭീകരരുടെ ഡ്രോൺ വ്യോമസേന വിജയകരമായി പ്രതിരോധിച്ച് നശിപ്പിച്ചതിനെത്തുടർന്നാണ് ഇതിന്റെ അവശിഷ്ടങ്ങൾ ത്വാഇഫ് പ്രവിശ്യയിൽ പതിച്ചതെന്ന് സിവിൽ ഡിഫൻസ് വൃത്തങ്ങൾ വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച ഉടൻതന്നെ സിവിൽ ഡിഫൻസ് സേന സ്ഥലത്തെത്തി ആവശ്യമായ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഈ അപകടത്തിൽ യമൻ സ്വദേശിയാണ് ജീവൻ നഷ്ടപ്പെട്ടത്.
ഒരു സൗദി വനിതക്കും ഒരു പാകിസ്താൻ പൗരനുമാണ് പരിക്കേറ്റത്. ഇതിൽ പാകിസ്താൻ പൗരന്റെ പരിക്ക് ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.
ഇതിനുപുറമെ പ്രദേശത്തെ നിരവധി കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും ഭൗതിക നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളിൽ സ്വീകരിക്കാറുള്ള എല്ലാ നിയമാനുസൃത നടപടികളും പൂർത്തിയാക്കിയതായി സിവിൽ ഡിഫൻസ് ഔദ്യോഗിക വക്താവ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

