തിരുവനന്തപുരം വെമ്പായം ബാറിലുണ്ടായ തർക്കവുമായി ബന്ധപ്പെട്ട് പൊലീസ് മൊഴിയെടുത്ത വ്യക്തിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നെടുമങ്ങാട് ഉണ്ടപ്പാറ സ്വദേശിയായ രതീഷ് ആണ് ജീവനൊടുക്കിയത്.
രണ്ടു ദിവസമായി ഇയാൾ കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ വെളിപ്പെടുത്തുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വെമ്പായത്തെ റിസോർട്ട് ബാറിലുണ്ടായ സംഘർഷത്തിനിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ രതീഷും സ്ഥലത്തുണ്ടായിരുന്നു.
ബാറിലുണ്ടായ തർക്കത്തെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ നവാസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ആദ്യം മരിച്ചത്. ഇതിന് പിന്നാലെ, അൻപത് ശതമാനത്തിലധികം പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അനീഷ് എന്നയാളും മരണത്തിന് കീഴടങ്ങി.
മരിച്ച അനീഷാണ് ബാറിനുള്ളിൽ പെട്രോളൊഴിച്ച് തീ കൊളുത്തിയതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. രണ്ട് ദിവസം മുൻപ് രാത്രി വെമ്പായം റിസോർട്ട് ബാറിലുണ്ടായ വാക്കുതർക്കമാണ് ആറുപേർക്ക് പൊള്ളലേറ്റ ദാരുണ സംഭവത്തിലേക്ക് നയിച്ചത്.
നന്നാട്ടുകാവ് സ്വദേശിയായ അനീഷും മറ്റ് നാല് പേരും ചേർന്ന് ബാറിൽ മദ്യപിച്ചുകൊണ്ടിരിക്കെയാണ് തർക്കമുണ്ടായത്. തുടർന്ന് അനീഷിനെ സംഘത്തിലുണ്ടായിരുന്ന നവാസ് മുഖത്തടിക്കുകയുണ്ടായി.
ഇതിൽ പ്രകോപിതനായ അനീഷ് പിന്നീട് കന്നാസിൽ പെട്രോളുമായി എത്തി എല്ലാവരുടെയും ദേഹത്തേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്നതിനാൽ ബാറിനുള്ളിൽ വെച്ച് അനീഷ് പല തവണ കന്നാസുമായി താഴെ വീഴുകയും പെട്രോൾ തന്റെ സ്വന്തം ദേഹത്ത് ആവുകയും ചെയ്തിരുന്നുവെന്നാണ് വിവരം.
ഈ സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് സാക്ഷിയോ മൊഴിയെടുത്തയാളോ ആയ രതീഷിന്റെ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

