ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ പരിക്കേറ്റയാളുടെ സ്വർണ്ണമാല മോഷ്ടിച്ച പ്രതി മണിക്കൂറുകൾക്കകം പോലീസിന്റെ പിടിയിലായി. പുന്നപ്ര തെക്ക് പഞ്ചായത്ത് സ്വദേശിയായ അഷ്കർ ആണ് അമ്പലപ്പുഴ പോലീസിന്റെ പിടിയിലായത്.
ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് നാടിനെ ഞെട്ടിച്ച ഈ സംഭവം അരങ്ങേറിയത്. മെഡിക്കൽ കോളേജ് പരിസരത്തുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ സഹായിക്കുമെന്ന വ്യാജേനയാണ് പ്രതി ഓട്ടോറിക്ഷയിൽ കയറിക്കൂടിയത്.
തുടർന്ന് ആശുപത്രിയിൽ എത്തിച്ചതിനു പിന്നാലെ പരിക്കേറ്റയാളുടെ കഴുത്തിലുണ്ടായിരുന്ന സ്വർണ്ണമാല തട്ടിയെടുത്തു പ്രതി വേഗത്തിൽ സ്ഥലം വിടുകയായിരുന്നു. മാല നഷ്ടപ്പെട്ട
വിവരം മനസ്സിലാക്കിയ ഉടൻ തന്നെ ബന്ധുക്കൾ അമ്പലപ്പുഴ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതി ലഭിച്ചയുടൻ തന്നെ പോലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചു.
ആശുപത്രി പരിസരത്തു നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനയിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് കുറവൻതോട് ജംഗ്ഷനിൽ വെച്ച് പോലീസ് സംഘം സാഹസികമായി പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു.
വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ പുന്നപ്ര സ്വദേശിയായ അഷ്കർ എന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. അമ്പലപ്പുഴ സർക്കിൾ ഇൻസ്പെക്ടർ വിഷ്ണുകുമാർ നേതൃത്വം നൽകിയ അന്വേഷണ സംഘമാണ് അതിവേഗത്തിൽ പ്രതിയെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

