കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരത്തിന് സമീപം ചെങ്ങളായി പഞ്ചായത്തിലെ ചുഴലിയിൽ പശുക്കിടാവിനെ ആക്രമിച്ചു കൊന്ന സംഭവത്തിൽ ദുരൂഹത തുടരുന്നു. ഇത് പുലിയുടെ ആക്രമണമാണെന്ന സംശയത്തിലാണ് വനംവകുപ്പ് അധികൃതർ.
ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചുഴലി പടിഞ്ഞാറേമൂലയിലെ ക്ഷീരകർഷകനായ എം.ടി.വിനോദ് എന്നയാളുടെ വീട്ടിൽ 21ന് പുലർച്ചെയാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്.
വീട്ടിലെ തൊഴുത്തിൽ കെട്ടിയിരുന്ന നാല് പശുക്കളിൽ ഒന്നിനെയാണ് അജ്ഞാത ജീവി തൊഴുപ്പിൽ നിന്നും അൻപതടിയോളം അകലേക്ക് വലിഴിച്ചുകൊണ്ടുപോയി കൊലപ്പെടുത്തിയത്. രാത്രിയിൽ വീട്ടുകാർ ബഹളം കേട്ട് പുറത്തിറങ്ങി ടോർച്ച് ലൈറ്റ് തെളിച്ചപ്പോൾ ജീവി ഇരുട്ടിലേക്ക് ഓടിമറയുകയായിരുന്നു.
ഏത് വന്യജീവിയാണ് ആക്രമണം നടത്തിയതെന്ന് തിരിച്ചറിയാൻ സാധിക്കാത്തതിനെ തുടർന്ന്, ലൈറ്റ് അണച്ച് വീട്ടുകാർ വീണ്ടും ഉറങ്ങാൻ കിടന്നു. എന്നാൽ കുറച്ചുസമയം കഴിഞ്ഞ് ജീവി തിരികെയെത്തുകയും പശുക്കിടാവിന്റെ ജഡത്തിൽ നിന്നും മാംസം ഭക്ഷിക്കുകയും ചെയ്തു.
സംഭവമറിഞ്ഞ് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ചർ സനൂപ് കൃഷ്ണൻന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ ഉടൻ തന്നെ സ്ഥലത്തെത്തി സമഗ്രമായ പരിശോധനകൾ നടത്തി. തുടർനടടികളുടെ ഭാഗമായി പ്രദേശത്ത് നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
പോസ്റ്റ്മോർട്ടത്തിന് ശേഷം പശുക്കിടാവിന്റെ ജഡം സംസ്കരിക്കാതെ സംഭവസ്ഥലത്ത് തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ജീവി വീണ്ടും ഇവിടേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ കാത്തിരിക്കുന്നത്.
എന്നാൽ പിന്നീട് ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇതിൽ യാതൊരുവിധ ദൃശ്യങ്ങളും പതിഞ്ഞിരുന്നില്ല. ഇതേത്തുടർന്ന് വനപാലകർ പ്രദേശത്ത് നിരീക്ഷണം കൂടുതൽ ശക്തമാക്കാനുള്ള ഒരുക്കത്തിലാണ്.
ഈ പ്രദേശത്ത് വന്യമൃഗം എത്തിയത് പുലി തന്നെയാണെന്ന ഉറച്ച നിഗമനത്തിലാണ് നിലവിൽ വനംവകുപ്പ് ഉള്ളത്. മുൻപും ഈ മേഖലയിൽ പുലിയുടെ സാന്നിധ്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ള സാഹചര്യത്തിലാണ് അധികൃതർ ഇപ്പോൾ കൂടുതൽ ജാഗ്രതയോടെ പരിശോധനകൾ മുന്നോട്ട് കൊണ്ടുപോകുന്നത്.
ഇതിനിടെ, കുളത്തൂർ സ്വദേശിയായ ഒരാൾ കഴിഞ്ഞ ദിവസം താൻ നേരിട്ട് പുലിയെ കണ്ടതായി വനംവകുപ്പിന് വിവരം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

