ദേശതലസ്ഥാനത്ത് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ നടക്കുന്ന സമരത്തിൽ അണിചേരാനായി വൻ തുക മുടക്കി വിദേശത്തുനിന്നും യുവാവെത്തി. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രക്ഷോഭത്തിൽ പങ്കെടുക്കാനായി ഏകദേശം ഒരു ലക്ഷത്തോളം രൂപയുടെ വിമാനടിക്കറ്റ് എടുത്താണ് മുഹമ്മദ് ഡാനിഷ് ഡൽഹിയിൽ എത്തിയത്.
പ്രമുഖ സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്ററായ സാർത്ഥക് ഗോ സ്വാമി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഈ സംഭവം പുറത്തുവന്നത്. താൻ വിദേശത്തുനിന്നാണ് എത്തിയത് എന്ന് വ്യക്തമാക്കുന്നതിനായി തന്റെ ഓസ്ട്രേലിയൻ തിരിച്ചറിയൽ കാർഡും ഇയാൾ വീഡിയോയിൽ പ്രദർശിപ്പിക്കുന്നുണ്ട്.
തനിക്ക് നീറ്റ് പരീക്ഷയുമായി നേരിട്ട് യാതൊരു ബന്ധവുമില്ലെന്നും, ബിടെക് ബിരുദധാരിയായ താൻ സർക്കാരിന്റെ ഏകപക്ഷീയമായ നിലപാടുകൾക്കെതിരെ പ്രതിഷേധം രേഖപ്പെടുത്താൻ മാത്രമാണ് എത്തിയതെന്നും മുഹമ്മദ് ഡാനിഷ് വ്യക്തമാക്കി. കഴിഞ്ഞ പതിനെട്ട് ദിവസമായി ഒരാൾ നിരാഹാര സമരം അനുഷ്ഠിച്ചിട്ടും സമരക്കാരുമായി ചർച്ച നടത്താൻ പോലും അധികാരികൾ തയ്യാറാകാത്തതിനാലാണ് ഇത്രയും വലിയ തുക ചെലവഴിച്ച് പ്രതിഷേധത്തിന്റെ ഭാഗമാകാൻ തീരുമാനിച്ചതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ അരങ്ങേറിയ ‘ചലോ സൻസദ്’ മാർച്ചിന്റെ പശ്ചാത്തലത്തിലാണ് ഈ ദൃശ്യങ്ങൾ പുറത്തുവന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകളാണ് ഡൽഹിയിൽ പ്രതിഷേധവുമായി ഒത്തുകൂടിയത്.
പ്രാരംഭ ഘട്ടത്തിൽ പൊലീസിന് പൂക്കൾ നൽകി സമാധാനപരമായ രീതിയിൽ ആരംഭിച്ച സമരം പിന്നീട് സംഘർഷഭൂമിയായി മാറുകയായിരുന്നു. തുടർന്ന് പ്രക്ഷോഭകരെ പിരിച്ചുവിടുന്നതിനായി പൊലീസ് കണ്ണീർവാതകവും ലാത്തിച്ചാർജും പ്രയോഗിക്കുകയും, ജന്ദർ മന്ദറിലെ സമരപന്തൽ പൊളിച്ചുമാറ്റുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

