ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയിൽ കുറുവ സംഘം നടത്തിയ വിവിധ മോഷണങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ ഒന്നിൽ തമിഴ്നാട് സ്വദേശിക്ക് കോടതി ശിക്ഷ വിധിച്ചു.
തമിഴ്നാട് തേനി കാമാച്ചിപുരം സന്തൻ മാരിയമ്മൻ കോവിൽ സ്ട്രീറ്റ് സന്തോഷ് ശെൽവത്തിനു (25) ആണ് കോടതി തടവും പിഴയും വിധിച്ചിരിക്കുന്നത്. ഭവനഭേദനത്തിനും മോഷണത്തിനും 2 വർഷം വീതം തടവും 10,000 രൂപ വീതം പിഴയുമാണു കോടതി വിധിച്ചിട്ടുള്ളത്.
കൂടാതെ, വാദിയായ മണ്ണഞ്ചേരി നായ്ക്കംവെളിയിൽ ജയന്തിക്ക് 5000 രൂപ നഷ്ടപരിഹാരമായും നൽകണം. ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി (2) ജഡ്ജി ശീതൾ ശശിധരൻ ആണ് ഈ കേസിൽ വിധി പ്രസ്താവിച്ചത്.
അതേസമയം, കേസിലെ കൂട്ടുപ്രതിയായ തമിഴ്നാട് രാമനാഥപുരം പരമക്കുടി എംജിആർ നഗർ സ്വദേശി കട്ടുപൂച്ചനെ (56) കോടതി വെറുതെവിട്ടു. ഇരുവരും പ്രതികളായ മറ്റൊരു കേസിലും സന്തോഷ് മാത്രം പ്രതിയായ മറ്റൊരു കേസിലും ഈ മാസം 27ന് കോടതി വിധി പറയും.
അറസ്റ്റിലായ 2024 നവംബർ 17 മുതൽ സന്തോഷ് ജയിലിലാണ് കഴിയുന്നത്. ഈ തടവുകാലം ശിക്ഷയിൽ ഇളവു ചെയ്യുമെന്നതിനാൽ ഇനി ഏതാനും മാസം കൂടി തടവ് അനുഭവിച്ചാൽ മതിയാകും.
വിധിക്കെതിരെ ഇന്നു ജില്ലാ കോടതിയിൽ അപ്പീൽ നൽകുമെന്നു സന്തോഷിന്റെ അഭിഭാഷകൻ അഭിലാഷ് സി.സോമൻ വ്യക്തമാക്കി. പ്രോസിക്യൂഷനു വേണ്ടി കെ.കെ.നാഗേശ്വരിയും കട്ടുപൂച്ചനു വേണ്ടി ടി.ടി.സുധീഷും കോടതിയിൽ ഹാജരായി.
പൊലീസിന് വീഴ്ചയെന്ന് പ്രതിഭാഗത്തിന്റെ വാദം കട്ടുപൂച്ചനെ പിടികൂടിയതുമായി ബന്ധപ്പെട്ട് പൊലീസ് പല നിയമപരമായ നടപടിക്രമങ്ങളും പാലിച്ചില്ലെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു. തമിഴ്നാട് രാമനാഥപുരത്തു നിന്നാണ് പ്രതിയെ പിടികൂടിയത്.
തൊട്ടടുത്തുള്ള മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കി ട്രാൻസിറ്റ് വാറന്റ് വാങ്ങിയ ശേഷമേ കേരളത്തിലേക്ക് എത്തിക്കാവൂ എന്ന വ്യവസ്ഥ ഇവിടെ പാലിക്കപ്പെട്ടിട്ടില്ല. കൂടാതെ, പ്രതിയുടെ മുഖം മറയ്ക്കാതെയാണു നാട്ടിലേക്ക് കൊണ്ടുവന്നത്, ഇതു തിരിച്ചറിയൽ പരേഡ് നടപടികൾക്കു സഹായകമല്ല.
പരാതിക്കാരിയായ ജയന്തിയുടെ മോഷണം പോയ സ്വർണമാല ഇതുവരെ കണ്ടെടുക്കാൻ പൊലീസിനു കഴിഞ്ഞിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാണിച്ചു. ‘ആന്റി കുറുവ സ്ക്വാഡ്’ മുതൽ ‘മിഷൻ കട്ടുപൂച്ചൻ’ വരെ സിനിമാക്കഥകളെ വെല്ലുന്ന സാഹസികമായ നീക്കങ്ങളിലൂടെയാണ് പൊലീസ് സംഘം സന്തോഷിനെയും കട്ടുപൂച്ചനെയും പിടികൂടിയത്.
കൊച്ചി കുണ്ടന്നൂർ മേൽപാലത്തിനടിയിൽനിന്നുമാണ് സന്തോഷിനെ പൊലീസ് സാഹസികമായി കസ്റ്റഡിയിലെടുത്തത്. കട്ടുപൂച്ചനെ സ്വന്തം നാടായ രാമനാഥപുരത്തുനിന്നുമാണ് പിടികൂടിയത്.
കുറുവ സംഘത്തിന്റെ അതിക്രമങ്ങൾ തടയുന്നതിനായി അന്നത്തെ ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രൻ പ്രത്യേകമായി ‘ആന്റി കുറുവ സ്ക്വാഡ്’ രൂപീകരിച്ചിരുന്നു. ഈ സംഘത്തിൽ ആദ്യം പിടിയിലായതു സന്തോഷാണ്.
ഇയാളെ ചോദ്യം ചെയ്തപ്പോഴാണു കട്ടുപൂച്ചനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്. സന്തോഷിന്റെ നെഞ്ചിൽ പച്ചകുത്തിയിരുന്ന അടയാളം സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി പതിഞ്ഞിരുന്നു; ഭാര്യ ജ്യോതിയുടെ പേരായിരുന്നു ഇങ്ങനെ പച്ചകുത്തിയിരുന്നത്.
ഇത് പ്രതിയെ തിരിച്ചറിയുന്നതിൽ നിർണായക തെളിവായി മാറി. വേഷം മാറി നാല് ദിവസത്തോളമാണ് പൊലീസ് കുണ്ടന്നൂർ പാലത്തിനടിയിൽ നിരീക്ഷണം നടത്തിയിരുന്നത്.
ഒടുവിൽ സന്തോഷിനെ പിടികൂടിയപ്പോൾ സംഘത്തിലുണ്ടായിരുന്ന സ്ത്രീകൾ ബഹളമുണ്ടാക്കി പൊലീസിനെ വളയുകയുണ്ടായി. ഈ തക്കത്തിൽ തവളച്ചാട്ടം ചാടി സന്തോഷ് അടുത്തുള്ള തോട്ടിലേക്ക് ഊളിയിട്ടു രക്ഷപ്പെടാൻ ശ്രമിച്ചു.
ഏറെ നേരം വെള്ളത്തിനടിയിലും ചെടികൾക്കിടയിലും ഒളിച്ചിരുന്ന ഇയാളെ പിന്നീട് പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു. മൂന്നു തവണ അന്വേഷിച്ചിട്ടും കട്ടുപൂച്ചനെ പിടികൂടാൻ സാധിക്കാതെ വന്നതോടെ ‘മിഷൻ കട്ടുപൂച്ചൻ’ എന്ന പേരിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചാണ് നാലാം തവണ പൊലീസ് ഇയാളെ കുടുക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

