പുരുഷാധിപത്യ മനോഭാവത്തെ വിമർശിക്കാനായി ഹെൽത്ത് കെയർ ബ്രാൻഡായ ഡെറ്റോൾ ചൈനയിൽ പുറത്തിറക്കിയ പുതിയ പരസ്യം കടുത്ത പ്രതിഷേധത്തിന് വഴിയൊരുക്കി. പരസ്യത്തിൽ പുരുഷന്മാരുടെ ചില ചിന്താഗതികളെ ബാക്ടീരിയകളോട് ഉപമിച്ചതാണ് സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്കിടയാക്കിയത്.
പ്രതിഷേധം ശക്തമായതോടെ കമ്പനി പരസ്യം പിൻവലിക്കാൻ നിർബന്ധിതരായി. അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം പോലെയുള്ള പരസ്യത്തിലാണ് വിവാദപരമായ ഉള്ളടക്കമുള്ളത്.
പുരുഷന്മാരുമായി മുൻപ് യാതൊരു ബന്ധവുമില്ലാത്ത, ‘പരിശുദ്ധയായ’ സ്ത്രീയെ പങ്കാളിയായി അന്വേഷിക്കുന്ന യുവാവിലൂടെയാണ് ഇതിന്റെ തുടക്കം. കഥയുടെ അവസാനത്തിൽ, നായകൻ തന്റെ സ്ത്രീവിരുദ്ധ ചിന്തകൾ വെളിപ്പെടുത്തുന്നതോടെ കാമുകി ബന്ധം അവസാനിപ്പിക്കുന്നു.
തുടർന്ന് ആകാശത്തുനിന്ന് താഴേക്ക് വീഴുന്ന ഡെറ്റോൾ കുപ്പിയും, ‘ബാക്ടീരിയകളെപ്പോലെയുള്ള ടോക്സിക് പുരുഷന്മാരെ ഇല്ലാതാക്കാൻ ഡെറ്റോൾ ഉപയോഗിക്കൂ’ എന്ന സന്ദേശവും ദൃശ്യമാകുന്നു. ലിംഗവിവേചനത്തെ എതിർക്കുക എന്ന ലക്ഷ്യത്തോടെ നിർമ്മിച്ചതാണെങ്കിലും, വ്യക്തിയുടെ സ്വഭാവത്തെ അണുനാശിനിയായ ഡെറ്റോളിന്റെ പ്രവർത്തനവുമായി താരതമ്യം ചെയ്തതാണ് പ്രതിഷേധത്തിന് കാരണമായത്.
ഇത് വലിയ തോതിൽ വികാരങ്ങളെ വ്രണപ്പെടുത്തിയതായി ഉപഭോക്താക്കൾ ആരോപിച്ചു. തുടർന്നുണ്ടായ സാഹചര്യത്തിൽ ബ്രിട്ടീഷ് കമ്പനിയായ റെക്കിറ്റ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി.
“പരസ്യത്തിലൂടെ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നു. ചൈനയിലെ ജനങ്ങളെ ഈ പരസ്യം ബുദ്ധിമുട്ടിച്ചുവെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു.
അശ്രദ്ധയുടെ പൂർണ്ണ ഉത്തരവാദിത്തം ഞങ്ങൾ ഏറ്റെടുക്കുന്നു,” കമ്പനി വ്യക്തമാക്കി. ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വെയ്ബോയിൽ ഡെറ്റോളിനെതിരെ വലിയ ബഹിഷ്കരണ ആഹ്വാനങ്ങളാണ് ഉയരുന്നത്.
“എന്തൊരു വൃത്തികെട്ട പരസ്യമാണിത്, എനിക്ക് വാക്കുകളില്ല,” എന്നാണ് ഒരു ഉപഭോക്താവ് കുറിച്ചത്.
വിപണിയിൽ മറ്റ് ബ്രാൻഡുകൾ ലഭ്യമാണെന്നും, ഇനി ഡെറ്റോൾ ഉൽപ്പന്നങ്ങൾ വാങ്ങില്ലെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ പ്രതികരിച്ചു. മുൻപും സമാനമായ രീതിയിൽ ‘കല്യാണത്തിന് തൊട്ടുമുമ്പ് ആ സ്ത്രീയെ തിരിച്ചയച്ചു; അവൾ പരിശുദ്ധ അല്ലാത്തതുകൊണ്ടാകാം’ എന്ന വിവാദ പരാമർശം ഉൾപ്പെട്ട
പരസ്യത്തിന്റെ പേരിൽ ഡെറ്റോൾ ചൈനയിൽ വലിയ ജനരോഷം നേരിട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

