പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ആറ് വർഷം കഠിനതടവും 60,000 രൂപ പിഴയും വിധിച്ചു. കർണാടകയിലെ കോളാർ സ്വദേശിയായ പാർത്ഥസാരഥിക്ക് (48) ആണ് കോടതി ശിക്ഷ വിധിച്ചത്.
അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്ജ് മഞ്ജിത്ത് ടി ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഭാരതീയ ന്യായസംഹിത പ്രകാരവും പോക്സോ വകുപ്പ് പ്രകാരവുമാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
കഴിഞ്ഞ വർഷമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അതിജീവിതയുടെ വീട്ടിലെ കിണറ്റിൽ നിന്നും വെള്ളം കോരാൻ വന്ന പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്.
കീഴ്വയ്പൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിപിൻ ഗോപിനാഥ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത കേസിൽ, സബ് ഇൻസ്പെക്ടർ സതീഷ് ശേഖർ ആണ് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിന്റെ വിസ്താര വേളയിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 12 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വക്കേറ്റ് സ്മിത ജോൺ പി ഹാജരായി. കോടതി നടപടികൾ കോർട്ട് ലൈസൻ ഓഫീസർ ദീപാ കുമാരി ഏകോപിപ്പിച്ചു.
കോടതി ചുമത്തിയ പിഴത്തുക അതിജീവിതയ്ക്ക് നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

