റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയിൽ മലപ്പുറം സ്വദേശിയായ പ്രവാസി മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം കോഡൂർ വടക്കേമണ്ണ പാറക്കൽ സ്വദേശി പാലോളി അർഷദ് ബാബു (56) ആണ് അന്തരിച്ചത്.
ജിദ്ദയിലെ അൽവഹയിൽ ജോലി ചെയ്തുവരികയായിരുന്ന ഇദ്ദേഹത്തിന് താമസസ്ഥലത്തുവെച്ച് പെട്ടെന്നുണ്ടായ നെഞ്ചുവേദനയെത്തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ 20 വർഷമായി സൗദി അറേബ്യയിൽ പ്രവാസ ജീവിതം നയിക്കുകയായിരുന്നു അദ്ദേഹം.
പരേതനായ പിലോളി അലവിയുടെ മകനാണ് അർഷദ് ബാബു. ഖദീജയാണ് ഭാര്യ.
ഫഹമിയ, മുഹമ്മദ് മുസ്ലിഹ്, മുസ്നിദ്, അംജാദ എന്നിവരാണ് മക്കൾ. അഷ്റഫ്, ഉസ്മാൻ, സഹീർ, അലവി, ഫാത്തിമ, ശരീഫ, മുനീറ, ആയിശ, കദീജ എന്നിവർ സഹോദരങ്ങളാണ്.
നിലവിൽ ജിദ്ദ ഈസ്റ്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ജിദ്ദയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മരണാനന്തര നിയമനടപടികൾക്കായി കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ നേതൃത്വം നൽകുന്നുണ്ട്.

