കോഴിക്കോട്: താമരശേരിയിൽ ഭാര്യയെ പരസ്യമായി മർദിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. താമരശേരി സ്വദേശിയായ വിനീഷ് എന്നയാൾക്കെതിരെയാണ് നടപടി.
ഇയാളുടെ ഭാര്യ ദിവ്യയുടെ ബ്യൂട്ടി പാർലറിന് സമീപം വെച്ച് പ്രതി ക്രൂരമായി മർദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പരാതി നൽകി ഒരാഴ്ചയ്ക്ക് ശേഷമാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
മർദനത്തിന്റെ ദൃശ്യങ്ങൾ നേരത്തെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കുടുംബപ്രശ്നങ്ങളെ തുടർന്ന് വിനീഷ് എന്നയാളുമായി അകന്നു കഴിഞ്ഞിരുന്ന ദിവ്യ, രണ്ട് മക്കൾക്കൊപ്പം വേറിട്ടാണ് താമസം.
ഇതിനിടെ, താമരശേരി പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള ദിവ്യയുടെ ബ്യൂട്ടി പാർലറിന് മുന്നിൽ വെച്ചാണ് ആക്രമണം നടന്നത്. മർദനം തടയാൻ ശ്രമിച്ച യുവതിയുടെ പിതാവ് ഗോപാലൻ എന്നയാളെ പ്രതി അധിക്ഷേപിക്കുകയും ചെയ്തു.
ഇതിനു പിന്നാലെ, വിമുക്ത ഭടൻ കൂടിയായ ഗോപാലൻ റോഡിൽ കുഴഞ്ഞുവീഴുകയും മരണപ്പെടുകയും ചെയ്തു. പിതാവിന്റെ മരണത്തിന് പിന്നാലെയാണ് യുവതി പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയത്.
പ്രതി മദ്യപിച്ചെത്തി പതിവായി മർദിക്കാറുണ്ടെന്ന് പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിന് ശേഷം വിനീഷ് ഒളിവിലാണെന്നും ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

