ആലപ്പുഴയിൽ അസാധാരണ രൂപമാറ്റത്തോടെ കുഞ്ഞ് ജനിച്ച സംഭവത്തിൽ, ഉത്തരവാദികൾക്കെതിരെ സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാത്ത ആരോഗ്യ വകുപ്പിന്റെ അനാസ്ഥയ്ക്കെതിരെ വിമർശനം. മനുഷ്യാവകാശ കമ്മിഷൻ അംഗം വി.ഗീത, ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയോട് അഞ്ചു മാസം മുൻപ് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.
ജനുവരി 13ന് ആലപ്പുഴയിൽ നടന്ന സിറ്റിങ്ങിലാണ് വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കുഞ്ഞിന്റെ മാതാപിതാക്കൾ കമ്മിഷനെ സമീപിച്ചത്. ചികിത്സയിലെ വീഴ്ചകൾ പരിശോധിക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നുമായിരുന്നു കുടുംബത്തിന്റെ ആവശ്യം.
തുടർന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് കമ്മിഷൻ നിർദ്ദേശം നൽകി. ആലപ്പുഴ വനിത–ശിശു ആശുപത്രിയിലെ രണ്ടു ഗൈനക്കോളജിസ്റ്റുമാർ കുറ്റക്കാരാണെന്നും, സർക്കാർ തലത്തിൽ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നുമാണ് ഡയറക്ടർ നൽകിയ മറുപടി.
ഇതിന്റെ അടിസ്ഥാനത്തിലാണ് അഡീഷനൽ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയത്. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.
ഇതേത്തുടർന്ന് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പിന് വീണ്ടും കത്തു നൽകാനൊരുങ്ങുകയാണ് മനുഷ്യാവകാശ കമ്മിഷൻ. 2024 നവംബർ 8നാണ് ആലപ്പുഴ സ്വദേശികളായ ദമ്പതികൾക്ക് അസാധാരണ രൂപമാറ്റത്തോടെ കുഞ്ഞ് ജനിച്ചത്.
ഗർഭകാലത്ത് നടന്ന പരിശോധനകളിലൊന്നും കുഞ്ഞിന്റെ അവസ്ഥ കണ്ടെത്താൻ സാധിച്ചിരുന്നില്ല. കുഞ്ഞിന്റെ ചികിത്സാ ചെലവ് പൂർണ്ണമായും സൗജന്യമാക്കുമെന്ന് മുൻ ആരോഗ്യമന്ത്രി വീണാ ജോർജും, സർക്കാരിന്റെ ‘കരുതലും കൈത്താങ്ങും’ പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് മുൻ മന്ത്രി സജി ചെറിയാനും വാഗ്ദാനം നൽകിയിരുന്നു.
എന്നാൽ ഇതുസംബന്ധിച്ച രേഖാമൂലമുള്ള അറിയിപ്പുകൾ ഇന്നും കുടുംബത്തിന് ലഭിച്ചിട്ടില്ല. കൂടാതെ, കുഞ്ഞിന് ലഭിച്ചുകൊണ്ടിരുന്ന പോഷകാഹാര വിതരണവും നിലച്ച അവസ്ഥയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

