കൊച്ചി കേന്ദ്രീകരിച്ച് മോഡലിങ്ങിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന സെക്സ് റാക്കറ്റ് കേസിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. കേസിലെ പ്രതിയായ ബിലാൽ നിരവധി യുവതികളെ വിദേശത്തേക്ക് കടത്തിയതായി കൊച്ചി പോലീസ് സ്ഥിരീകരിച്ചു.
ഒരു യുവതിയെ വിദേശത്തെത്തിച്ചാൽ ഏജന്റായ ബിലാലിന് ഒരു ലക്ഷം രൂപ വരെ പ്രതിഫലം ലഭിച്ചിരുന്നതായും, കേസുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഫാഷൻ ഷോകളിൽ പങ്കെടുത്തും മറ്റും യുവതികളെ കണ്ടെത്തി വൻ അവസരങ്ങളും ഉയർന്ന പ്രതിഫലവും വാഗ്ദാനം ചെയ്താണ് ബിലാലും സംഘവും പെൺകുട്ടികളെ പ്രലോഭിപ്പിച്ചിരുന്നത്.
സാമ്പത്തിക ബുദ്ധിമുട്ടുകൾ മുതലെടുത്താണ് പ്രതികൾ ഇടപാടുകൾ ഉറപ്പിച്ചിരുന്നത്. ചാരുംമൂട് സ്വദേശിയായ ശ്രീകുമാർ എന്ന ബിലാലിന്റെ സഹായത്തിനായി കൊച്ചി കേന്ദ്രീകരിച്ച് പ്രത്യേക സംഘം തന്നെ പ്രവർത്തിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ദുബായിലെ ‘എലൈസ ഇവന്റ്’ എന്ന സ്ഥാപനത്തിലേക്കാണ് യുവതികളെ കടത്തിയിരുന്നതെന്ന് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേസിലെ ഒന്നാം പ്രതി സിന്ധുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം.
ഇരകളിൽ നിന്ന് വിസയ്ക്കും ടിക്കറ്റിനുമായി 4,70,000 രൂപ സിന്ധു കൈപ്പറ്റിയതായും റിപ്പോർട്ടിലുണ്ട്. ബിലാലിന്റെ പേരിൽ നിരവധി ബാങ്ക് അക്കൗണ്ടുകളും സിം കാർഡുകളും ഉള്ളതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ദുബായിൽ വെച്ചാണ് ബിലാൽ സിന്ധുവുമായി പരിചയപ്പെട്ടത്. സെക്സ് റാക്കറ്റിന്റെ പ്രവർത്തനം സജീവമായതോടെ ബിലാൽ ജോലി ഉപേക്ഷിച്ച് കേരളത്തിലേക്ക് മടങ്ങുകയായിരുന്നു.
കേസിലെ മൂന്നാം പ്രതിയായ അലീന ഈ റാക്കറ്റിലെ പ്രധാന കണ്ണിയാണെന്ന് തെളിയിക്കുന്ന ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. കൊച്ചിയിലെ ഗുണ്ടാ നേതാവും അലീനയുടെ സുഹൃത്തുമായ ഔറംഗസേബിലേക്കും അന്വേഷണം നീളുകയാണ്.
സിന്ധുവിന്റെ അക്കൗണ്ടിൽ നിന്ന് ഗുണ്ടാ നേതാവിന് പലതവണ പണം കൈമാറിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഔറംഗസേബ് പുറത്തുവിട്ട
വീഡിയോയെ കുറിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള തർക്കങ്ങളാണോ പരാതികൾ പുറത്തുവരാൻ കാരണമായതെന്ന കാര്യവും പോലീസ് പരിശോധിക്കുന്നു.
കേസിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് കൊച്ചി കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

