ഡൽഹി പൊലീസിന്റെ സമാധാന ബോണ്ട് നോട്ടീസിനെ ചോദ്യം ചെയ്ത് ഐസ ദേശീയ അധ്യക്ഷ നേഹ ബോറ നൽകിയ ഹർജിയിൽ വിധി ഇന്ന് ഉണ്ടാകില്ല. ഹർജിയിൽ വാദം പൂർത്തിയായെങ്കിലും ചൊവ്വാഴ്ചയ്ക്കകം വിധി പറയുമെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി.
ഹർജി നിലനിൽക്കില്ലെന്നാണ് ഡൽഹി പൊലീസ് കോടതിയിൽ വാദിച്ചത്. എന്നാൽ പ്രതിഷേധങ്ങൾ അക്രമാസക്തം ആയിട്ടില്ലെന്നും സമാധാന ബോണ്ടിൽ ഒപ്പിടണം എന്നത് നിയമവിരുദ്ധമാണെന്നും നേഹയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
അതിനിടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ള തുടർ പ്രതിഷേധ പരിപാടികൾ ചർച്ച ചെയ്യാൻ നിശ്ചയിച്ചിരുന്ന ഇന്ത്യ മുന്നണിയുടെ ഓൺലൈൻ യോഗം മാറ്റിവച്ചു. ചില നേതാക്കൾ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് ഈ തീരുമാനം.
രാഹുൽ ഗാന്ധി മടങ്ങിയെത്തിയാൽ നേതാക്കളുമായി ഡൽഹിയിൽ നേരിട്ട് ചർച്ച നടത്തുന്നതും മുന്നണിയുടെ പരിഗണനയിലുണ്ട്. ഒക്ടോബർ ഒന്നിലെ മഹാരാലിയായിരിക്കും യോഗത്തിലെ പ്രധാന അജണ്ട.
ഇതിനിടെ ജന്തർമന്തറിൽ അതിക്രമിച്ച് കയറി പ്രതിഷേധിച്ച കേസിൽ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക, അജിങ്ക്യ ഷിൻഡെ എന്നിവർക്ക് ഡൽഹി പൊലീസ് ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. എന്നാൽ കൂടുതൽ സമയം വേണമെന്നാവശ്യപ്പെട്ട് നേതാക്കൾ ഹാജരായില്ല.
ഇതോടെ ഇവർക്ക് പുതിയ സമൻസ് നൽകാൻ ഒരുങ്ങുകയാണ് ക്രൈം ബ്രാഞ്ച്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

