ഉടമയോടുള്ള വളർത്തുമൃഗങ്ങളുടെ അളവറ്റ സ്നേഹവും കാത്തിരിപ്പും അടയാളപ്പെടുത്തുന്ന ഒട്ടനവധി സംഭവങ്ങൾ ഇതിനുമുമ്പും ലോകത്തിന്റെ ശ്രദ്ധ നേടിയിട്ടുണ്ട്. എന്നാൽ, തനിക്കേറെ പ്രിയപ്പെട്ട
ഉടമ മരണപ്പെട്ടിട്ട് എട്ട് വർഷം പിന്നിട്ടിട്ടും, അദ്ദേഹം തിരിച്ചുവരുന്നതും കാത്ത് ഇപ്പോഴും ഒരു ആശുപത്രിക്ക് പുറത്ത് കഴിയുന്ന ഒരു പൂവൻകോഴിയുടെ വാർത്തയാണ് ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്നത്. ജപ്പാനിലെ ലോകപ്രശസ്തനായ വിശ്വസ്തനായ നായ ഹച്ചിക്കോയുടെ ജീവിതത്തെ ഓർമിപ്പിക്കുന്ന വിധത്തിലാണ് ബോളീവിയയിൽ നിന്നുള്ള ഈ പൂവൻകോഴിയുടെ കാത്തിരിപ്പ്.
ബൊളീവിയയിലെ സാന്താക്രൂസിലുള്ള കിഴക്കൻ ബൊളീവിയ ഓങ്കോളജി ഇൻസ്റ്റിറ്റ്യൂട്ടിന് മുന്നിലാണ് മാർട്ടിൻ എന്ന് പേരുള്ള ഈ പൂവൻകോഴി കഴിഞ്ഞ എട്ട് വർഷമായി തുടരുന്നത്. ഏതാണ്ട് എട്ട് വർഷം മുൻപാണ് കാൻസർ രോഗബാധയെ തുടർന്ന് ചികിത്സയ്ക്കായി എത്തിയ ഉടമയ്ക്കൊപ്പം മാർട്ടിനും ഈ ആശുപത്രിയിൽ എത്തിയത്.
എന്നാൽ, വിദഗ്ധ ചികിത്സയ്ക്കിടെ ഉടമ മരണപ്പെടുകയായിരുന്നു. ഈ ദാരുണമായ യാഥാർത്ഥ്യം അറിയാതെ, ചികിത്സയ്ക്കായി അകത്തേക്ക് പോയ തന്റെ പ്രിയ ഉടമയും കാത്ത് ഇന്നും ആശുപത്രി പരിസരത്ത് തന്നെ തുടരുകയാണ് ഈ കോഴി.
ആശുപത്രിയിലെ മരക്കൊമ്പുകളിലാണ് മാർട്ടിൻ സാധാരണയായി രാത്രിയിൽ ഉറങ്ങുന്നത്. റോയിട്ടേഴ്സ് വാർത്താ ഏജൻസി പുറത്തുവിട്ട
ചിത്രങ്ങളിലൂടെയാണ് മാർട്ടിന്റെ ഈ അപൂർവ്വ കഥ വീണ്ടും ലോകമെമ്പാടും വ്യാപകമായ ചർച്ചയായത്. ആശുപത്രിക്ക് മുന്നിലൂടെ നടക്കുന്നതും മരച്ചില്ലകളിൽ വിശ്രമിക്കുന്നതുമായ മാർട്ടിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
ആശുപത്രി ജീവനക്കാരും സമീപത്തെ കടകളിലുള്ളവരുമാണ് മാർട്ടിന് ആവശ്യമായ ഭക്ഷണവും സംരക്ഷണവും നൽകുന്നത്. നിശ്ചിത സമയമാകുമ്പോൾ ഭക്ഷണം നൽകുന്നവരുടെ അടുക്കലേക്ക് മാർട്ടിൻ സ്വയം എത്തിച്ചേരാറുണ്ട്.
മഴയും വെയിലും ഏൽക്കുമ്പോൾ സ്വന്തം നിലയിൽ അഭയം കണ്ടെത്തുകയും ആശുപത്രിയുടെ പുറംഭാഗങ്ങളിൽ നിരന്തരം ചുറ്റിനടക്കുകയും ചെയ്യുന്ന ഈ കോഴിയെ പിടികൂടി മറ്റൊരിടത്തേക്ക് മാറ്റുക എന്നത് എളുപ്പമല്ലെന്നാണ് പ്രദേശവാസികൾ വ്യക്തമാക്കുന്നത്. ഉടമയെ വർഷങ്ങളോളം കാത്തിരുന്ന ജപ്പാന്റെ ഹാച്ചിക്കോയുടെ ജീവിതവുമായി മാർട്ടിനെ പലരും താരതമ്യം ചെയ്യുന്നുണ്ടെങ്കിലും, ഇത് ബോധപൂർവ്വമായ കാത്തിരിപ്പാണോ എന്ന് ഉറപ്പിച്ചു പറയാനാവില്ലെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.
എങ്കിലും, വർഷങ്ങളായി ഒരേ സ്ഥലത്ത് തുടരുന്ന ഈ പൂവൻകോഴി ഇന്ന് ആശുപത്രിയിലെ ജീവനക്കാർക്കും രോഗികൾക്കും സന്ദർശകർക്കും ഒരുപോലെ പ്രിയപ്പെട്ട സാന്നിധ്യമായി മാറിക്കഴിഞ്ഞു.
മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ആത്മബന്ധത്തിന്റെ ഹൃദയസ്പർശിയായ ഓർമ്മപ്പെടുത്തലായിട്ടാണ് പലരും ഈ കഥയെ നോക്കിക്കാണുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

