ജപ്പാനിലെ ഐച്ചി-നഗോയയിൽ പുരോഗമിക്കുന്ന ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ ഇന്ത്യയ്ക്കായി ചരിത്രനേട്ടം സ്വന്തമാക്കി മലയാളി താരം മുഹമ്മദ് ബാസിൽ. പുരുഷന്മാരുടെ 100 മീറ്റർ ടി47 വിഭാഗത്തിലാണ് തിരുവനന്തപുരം സായ് നാഷണൽ സെന്റർ ഓഫ് എക്സലൻസിലെ ഈ താരം വെള്ളിമെഡൽ കരസ്ഥമാക്കിയത്.
കേരളത്തിലെ മലപ്പുറം ജില്ലയിലെ പൊന്നാനിക്ക് സമീപമുള്ള പള്ളപ്രം സ്വദേശിയാണ് മുഹമ്മദ് ബാസിൽ. മത്സരത്തിൽ 10.72 സെക്കൻഡിൽ ഫിനിഷ് ചെയ്തുകൊണ്ടാണ് ബാസിൽ അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്.
ഇതേ ഇനത്തിൽ 10.69 സെക്കൻഡിൽ ഫിനിഷ് ചെയ്ത സഹതാരം ദിലീപ് ഗവിത് മഹാദു സ്വർണമെഡൽ നേടിയതോടെ ഇന്ത്യയ്ക്ക് ഇരട്ട നേട്ടമായി.
ടി47 വിഭാഗത്തിൽ 10.72 സെക്കൻഡിൽ ഫിനിഷ് ചെയ്ത ബാസിലിന്റെ ഈ പ്രകടനം പുതിയ ഗെയിംസ് റെക്കോർഡായും രേഖപ്പെടുത്തപ്പെട്ടു. ഹീറ്റ്സിൽ 10.79 സെക്കൻഡിൽ ഫിനിഷ് ചെയ്തും താരം മികച്ച ഫോം നിലനിർത്തിയിരുന്നു.
വലത് കൈ ഇല്ലാതെ ജനിച്ച മുഹമ്മദ് ബാസിൽ സ്കൂൾ കാലഘട്ടത്തിലാണ് തന്റെ കായിക കഴിവുകൾ തിരിച്ചറിഞ്ഞത്. ആദ്യം ഫുട്ബോളിൽ സജീവമായിരുന്ന അദ്ദേഹം പിന്നീട് അത്ലറ്റിക്സിലേക്ക് ചുവടുമാറ്റുകയായിരുന്നു.
സി.ബി.എസ്.ഇ സ്കൂൾതല അത്ലറ്റിക്സ് മത്സരങ്ങളിൽ വേഗതകൊണ്ട് ശ്രദ്ധ നേടിയ ബാസിൽ, പാരാ അത്ലറ്റിക്സിലേക്ക് തിരിഞ്ഞതോടെയാണ് അന്താരാഷ്ട്ര തലത്തിലേക്ക് വളർന്നത്. തിരുവനന്തപുരം സായ് കേന്ദ്രത്തിലെ ശാസ്ത്രീയമായ പരിശീലനവും കായികശാസ്ത്ര പിന്തുണയും അദ്ദേഹത്തിന്റെ കരിയറിൽ നിർണായക വഴിത്തിരിവായി.
2025-ൽ പാരീസിൽ നടന്ന വേൾഡ് പാരാ അത്ലറ്റിക്സ് ഗ്രാൻഡ് പ്രിക്സിൽ പുരുഷന്മാരുടെ 100 മീറ്റർ T47 വിഭാഗത്തിൽ സ്വർണം നേടിയതാണ് അദ്ദേഹത്തിന്റെ കരിയറിലെ പ്രധാന നാഴികക്കല്ല്. അതേ വർഷം ഖേലോ ഇന്ത്യ പാരാ ഗെയിംസിലും അദ്ദേഹം സ്വർണമെഡൽ ജേതാവായി.
2026-ൽ 10.63 സെക്കൻഡിന്റെ വ്യക്തിഗത മികച്ച സമയം കുറിച്ച് കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ ടീമിലും താരം ഇടംപിടിച്ചു. തുടർന്ന് ഗ്ലാസ്ഗോ 2026 കോമൺവെൽത്ത് ഗെയിംസിലും 10.83 സെക്കൻഡിൽ വെള്ളി മെഡൽ നേടി മിന്നുന്ന പ്രകടനം കാഴ്ചവെക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

