ഓണക്കാലത്തോടനുബന്ധിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉത്സവ ബത്ത അനുവദിച്ചതായി ഗതാഗത മന്ത്രി സി.പി.ജോൺ അറിയിച്ചു. ജീവനക്കാർക്ക് 1,000 രൂപ ഓണം അലവൻസ് നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്.
വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ബസ് വാഷിങ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഇത്തരത്തിൽ ഉത്സവ ബത്ത ലഭിക്കുന്നത്. സ്ഥിരം, താൽക്കാലിക ജീവനക്കാർക്ക് പുറമെ, 2019ന് ശേഷം ഇത്തവണ പെൻഷൻകാർക്കും ഉത്സവ ബത്ത അനുവദിക്കാനുള്ള നടപടികൾ സർക്കാർ മുൻകൂട്ടി സ്വീകരിച്ചിരുന്നു.
ഇതിന്റെ തുടർച്ചയെന്നോണം, കോർപറേഷനിലെ ഏറ്റവും അടിത്തട്ടിൽ പ്രവർത്തിക്കുന്ന ബസ് വാഷിങ് ജീവനക്കാരെക്കൂടി ചേർത്തുപിടിക്കേണ്ടതുണ്ടെന്ന സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് മന്ത്രി വ്യക്തമാക്കി. ജീവനക്കാർക്കും പെൻഷൻകാർക്കും ഉത്സവ ബത്തയും അഡ്വാൻസും വിതരണം ചെയ്യുന്നതിനായി നേരത്തെ 33.92 കോടി രൂപ അനുവദിച്ചിരുന്നു.
ഇതിനുപുറമേയാണ് ഇപ്പോൾ വാഷിങ് ജീവനക്കാർക്കായുള്ള അലവൻസ് തുക അനുവദിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി സ്ഥിരം ജീവനക്കാർക്ക് 10,000 രൂപ ഓണം അഡ്വാൻസ് നൽകാനായി 21.5 കോടി രൂപയും, പെൻഷൻകാർക്ക് 1250 രൂപ ഉത്സവ ബത്ത നൽകുന്നതിനായി 5.32 കോടി രൂപയും പ്രത്യേക ധനസഹായമായി ഇതിനകം അനുവദിച്ചിട്ടുണ്ട്.
നിലവിലുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ജീവനക്കാരുടെ ആത്മാർഥതയും അർപ്പണബോധവും പൂർണ്ണമായി പരിഗണിച്ചാണ് ഓണം ഫെസ്റ്റിവൽ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ സർക്കാർ തീരുമാനിച്ചതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

