പാലത്തായി പോക്സോ കേസിൽ ബിജെപി നേതാവും പ്രതിയുമായ കെ പത്മരാജന് ജാമ്യം ലഭിച്ച സംഭവത്തിൽ പ്രോസിക്യൂഷൻ പ്രതിഭാഗവുമായി ഒത്തുകളിച്ചെന്ന ആരോപണത്തിൽ സർക്കാർ അടിയന്തരമായി വ്യക്തത വരുത്തണമെന്ന് സിപിഎം നേതാവ് പി ജയരാജൻ ആവശ്യപ്പെട്ടു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഈ സുപ്രധാന വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്.
വിചാരണക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ച പത്മരാജന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ വിമർശനം. അതിജീവിതയായ കുട്ടിയുടെയും കുടുംബത്തിന്റെയും അവകാശങ്ങൾ കൃത്യമായി സംരക്ഷിക്കപ്പെട്ടോ എന്ന കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് വീഴ്ചകൾ വന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും ഇതിന് ഉത്തരവാദികളായവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നും ജയരാജൻ വ്യക്തമാക്കി. ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീൽ നടപടികളിൽ പ്രതിക്ക് അർഹമായ ശിക്ഷ ഉറപ്പാക്കുന്നതിനായി സർക്കാർ ശക്തമായ ഒരു നിയമസംഘത്തെ തന്നെ നിയോഗിക്കേണ്ടതുണ്ട്.
കൂടാതെ, ഈ വിഷയത്തിൽ യുഡിഎഫും ജമാഅത്തെ ഇസ്ലാമിയും തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിചാരണക്കോടതിയുടെ വിധിയിൽ പ്രഥമദൃഷ്ട്യാ പിഴവുകളുണ്ടെന്നും കുട്ടിയുടെ മൊഴികളിൽ വൈരുദ്ധ്യങ്ങൾ നിലനിൽക്കുന്നുണ്ടെന്നും നിരീക്ഷിച്ചാണ് ഹൈക്കോടതി കർശന ഉപാധികളോടെ പ്രതിക്ക് ജാമ്യം അനുവദിച്ചത്.
എന്നാൽ പ്രതിക്ക് ജാമ്യം ലഭിച്ചതിന് പിന്നിൽ പ്രോസിക്യൂഷന്റെ ഒത്തുകളിയാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷും നേരത്തെ ആരോപിച്ചിരുന്നു. എൽഡിഎഫ് സർക്കാർ പ്രതിക്ക് ശക്തമായ ശിക്ഷ വാങ്ങി നൽകിയതാണെന്നും പ്രോസിക്യൂഷൻ ഭാഗത്തുനിന്നുണ്ടായാേക്കാനിടയുള്ള വീഴ്ചകളുടെ ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്നും രാഗേഷ് വ്യക്തമാക്കിയിരുന്നു.
പി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
പാലത്തായി കേസിൽ ജീവിതാവസാനം വരെ ശിക്ഷിക്കപ്പെട്ട ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജന് ഹൈക്കോടതി ജാമ്യം അനുവദിക്കാനിടയായ സാഹചര്യം ഗുരുതരമായ ചോദ്യങ്ങളും ആശങ്കയും ഉയർത്തുന്നതാണ്.
പ്രോസിക്യൂഷൻ പ്രതിഭാഗവുമായി ചേർന്ന് നടത്തിയ ഒത്തുകളിയുടെ ഭാഗമാണ് ഈ കോടതിവിധിയിലേക്ക് നയിച്ചത് എന്ന ഗൗരവതരമായ ആരോപണമാണ് ഉയരുന്നത്. പ്രോസിക്യൂഷൻ ഫലപ്രദമായി ഇടപെട്ടോ, അതിജീവിതയുടെയും കുടുംബത്തിന്റെയും അവകാശങ്ങൾ സംരക്ഷിച്ചോ, കോടതി നിർദേശങ്ങൾ പാലിച്ചോ എന്ന കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തണം.
പാലത്തായി കേസിന്റെ ആദ്യഘട്ടത്തിൽ സിപിഐഎമ്മും എൽഡിഎഫ് സർക്കാരും ഒത്തുകളിക്കുന്നു എന്ന വ്യാപകമായ വ്യാജപ്രചാരണമുണ്ടായിരുന്നു. എന്നാൽ എൽഡിഎഫ് സർക്കാർ കേസ് ശക്തമായി മുന്നോട്ടുകൊണ്ടുപോകുകയും വിചാരണക്കോടതിയിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കുകയും ചെയ്തു.
അതോടെ അന്നത്തെ ഒത്തുകളി ആരോപണങ്ങളുടെ പൊള്ളത്തരം വ്യക്തമായി. കെ കെ ശൈലജ ടീച്ചർ അടക്കമുള്ള ജനപ്രതിനിധികളും സിപിഐഎമ്മും അതിജീവിതയ്ക്ക് നീതി കിട്ടാൻ ശക്തമായ ഇടപെടലാണ് അന്ന് നടത്തിയത്.
ഇപ്പോൾ, അതേ കേസിൽ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി എന്ന സംശയം ഉയർന്നിരിക്കുകയാണ്. അതിജീവിതയുടെ കുടുംബത്തെ വേണ്ടവിധം അറിയിച്ചില്ലെന്നും കോടതി നിർദേശങ്ങൾ പാലിച്ചില്ലെന്നും ഉയരുന്ന ആരോപണങ്ങൾ അവഗണിക്കാവുന്നതല്ല.
പെൺകുട്ടിയുടെ കുടുംബത്തിൽ നിന്നും അടക്കം അത്തരം ഗൗരവമായ വിഷയങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. വീഴ്ചകൾ അന്വേഷിക്കുകയും ഉത്തരവാദികളെ കണ്ടെത്തുകയും വേണം.
അപ്പീൽ നടപടികളിൽ ശക്തമായ സംഘത്തെ നിയോഗിച്ച് സർക്കാർ അതിജീവിതയ്ക്കൊപ്പം ഉറച്ചുനിൽക്കണം. യുഡിഎഫിന്റെ ഒരു രാഷ്ട്രീയ താൽപര്യവും ഒരു കുട്ടിക്ക് ലഭിക്കേണ്ട
നീതിയെക്കാൾ വലുതല്ല എന്ന തിരിച്ചറിവ് ഉണ്ടാകണം. പാലത്തായി കേസിൽ സിപിഐഎമ്മിനെതിരെ അന്ന് ഉയർത്തിയ ആരോപണങ്ങൾ വീണ്ടും പരിശോധിക്കേണ്ട
സാഹചര്യമാണിത്. അന്ന് പ്രതിയെ സംരക്ഷിക്കാൻ സിപിഐഎം ഒത്തുകളിച്ചില്ല; ഇന്ന് യഥാർത്ഥ ഒത്തുകളി നടന്നിരിക്കുന്നു.
അതിജീവിതയ്ക്ക് നീതി ഉറപ്പാക്കുക, പ്രോസിക്യൂഷൻ വീഴ്ച അന്വേഷിക്കുക, ഉത്തരവാദികൾ ആരായാലും അവരെ ശിക്ഷിക്കുക എന്നിവയാണ് ഈ ഘട്ടത്തിൽ ഉയർത്തുന്ന പ്രധാന ആവശ്യങ്ങൾ. നേരത്തെ വ്യാജപ്രചാരണത്തിന് സമൃദ്ധമായി വാക്കും ആയുധവും ഉപയോഗിച്ച യുഡിഎഫ് ഘടകകക്ഷി മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും ഈ ഒത്തുകളിയിൽ എങ്ങനെ പ്രതികരിക്കുന്നു എന്നറിയാനും താല്പര്യമുണ്ട്.
സ്വന്തക്കാരുടെ ഒത്തുകളി ആകുമ്പോൾ അത് പേരിനു വേണ്ടി ഒരു പ്രതികരണത്തിൽ ഒതുക്കി മിണ്ടാതിരിക്കാനാണ് ഭാഗമെങ്കിൽ അത്തരക്കാരുടെ തനിനിറം തുറന്നു കാട്ടാനും പൊതുസമൂഹം തയ്യാറാകും എന്ന് മറക്കരുത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

