മലപ്പുറം ജില്ലയിലെ തിരൂരിൽ യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിലായി. പുറത്തൂർ പടിഞ്ഞാറക്കര അമ്പലപ്പടി അണ്ടിപ്പാട്ടിൽ ഹുസൈനെയാണ് തിരൂർ പൂക്കയിൽവെച്ച് സ്വകാര്യ ബസിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇയാളെക്കുറിച്ചുള്ള ചോദ്യംചെയ്യൽ തുടരുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. കഴിഞ്ഞദിവസമാണ് ഹുസൈന്റെ ഭാര്യ ഫൗസിയയുടെ (37) മൃതദേഹം ചാക്കിൽ കെട്ടിയ രീതിയിൽ തിരൂർ പുഴയിൽനിന്ന് കണ്ടെടുത്തത്.
മത്സ്യത്തൊഴിലാളിയായ ഹുസൈൻ ബുധനാഴ്ച അർധരാത്രിയോടെയാണ് ഭാര്യയെ വീടിനുള്ളിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോയത്. കൂടുതൽ മീൻ ലഭിച്ചിട്ടുണ്ടെന്നും അത് വാരാൻ ഒപ്പം വരണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ ഫൗസിയയെ കൂട്ടിക്കൊണ്ടുപോയത്.
എന്നാൽ വ്യാഴാഴ്ച പുലർച്ചെയായിട്ടും ഇവർ തിരികെ എത്തിയിരുന്നില്ല. ജോലിക്ക് പോയതാകാം എന്ന ധാരണയിൽ മക്കളും ഇത് ഗൗരവമായി എടുത്തില്ല.
എന്നാൽ വൈകുന്നേരമായിട്ടും ഫൗസിയയെക്കുറിച്ചോ ഹുസൈനെക്കുറിച്ചോ യാതൊരു വിവരവും ലഭിക്കാതെ വന്നതോടെ ബന്ധുക്കൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടയിലാണ് വെള്ളിയാഴ്ച ഉച്ചയോടെ പടിഞ്ഞാറക്കര ബോട്ട് ജെട്ടിക്ക് സമീപം ചാക്കിൽക്കെട്ടിയ നിലയിൽ ഫൗസിയയുടെ മൃതദേഹം കണ്ടെത്തുന്നത്.
മത്സ്യബന്ധനത്തിനായി പോവുകയായിരുന്ന തൊഴിലാളികളാണ് വെള്ളത്തിൽ ചാക്ക് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ ചാക്കിനുള്ളിൽ മൃതദേഹം കണ്ടെത്തുകയും ഉടൻതന്നെ പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു.
ഫൗസിയയെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന് പിന്നാലെ ഒളിവിൽപ്പോയ ഹുസൈനെ മണിക്കൂറുകൾ നീണ്ട
പരിശ്രമത്തിനൊടുവിലാണ് തിരൂർ പൂക്കയിൽനിന്ന് പിടികൂടിയത്. യാതൊന്നും അറിയാത്തതുപോലെ സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന പ്രതിയെ പൊലീസ് സംഘം വാഹനം തടഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

