കോട്ടയം കൂരോപ്പടയിൽ ഒരു കുടുംബത്തിലെ നാല് പേരുടെ ദാരുണാന്ത്യവുമായി ബന്ധപ്പെട്ട സംഭവത്തിൽ വിശദമായ അന്വേഷണത്തിനായി പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.
അയർക്കുന്നം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. എസ്എച്ച്ഒയുടെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
വിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന് വിവിധ ദിവസങ്ങളിലായി മരണപ്പെട്ട മറ്റപ്പള്ളി ചിറപ്പുറത്ത് ജോബി, ഭാര്യ ജോസ്ന, മൂത്തമകൾ മരിയ തെരേസ തോമസ് എന്നിവരുടെ മരണമൊഴി മുൻപ് മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു.
എന്നാൽ, മൂവരും നൽകിയ മൊഴികളിൽ പ്രകടമായ വൈരുധ്യമുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന സൂചന. വിഷം എങ്ങനെ ഉള്ളിൽ ചെന്നുവെന്ന കാര്യത്തിൽ മൂന്ന് പേരും വ്യത്യസ്തമായ വിവരങ്ങളാണ് നൽകിയിട്ടുള്ളത്.
തിങ്കളാഴ്ച മരണമടഞ്ഞ ഇളയ മകൻ അലന്റെ മൊഴിയെടുക്കാൻ പൊലീസ് ശ്രമം നടത്തിയെങ്കിലും, ആരോഗ്യസ്ഥിതി മോശമായതിനാൽ ഡോക്ടർമാർ അനുമതി നൽകിയിരുന്നില്ല. ജോസ്ന ജോലി ചെയ്തിരുന്ന സ്ഥാപനവുമായി ബന്ധപ്പെട്ട
സാമ്പത്തിക തർക്കങ്ങളാണ് ഈ ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കുടുംബം എഴുതിയതെന്ന് സംശയിക്കുന്ന ആത്മഹത്യക്കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ഇതിൽ പരാമർശിച്ചിട്ടുള്ള സ്ഥാപന മേധാവിയായ യുവതിയെ പൊലീസ് ഇതിനോടകം ബന്ധപ്പെട്ട് മൊഴിയെടുത്തു. സ്ഥാപനത്തിന് വരുത്തിയ സാമ്പത്തിക ബാധ്യതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടതാണ് അവർക്ക് തങ്ങളോട് എതിർപ്പുണ്ടാകാൻ കാരണമെന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി.
അതേസമയം, ചിട്ടികളുടെയും മറ്റും പേരിൽ ജോസ്ന ആളുകളിൽ നിന്ന് പണം വാങ്ങിയിരുന്നതായി നിരവധി പരാതികൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വ്യക്തതയ്ക്കായി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.
കൂടാതെ, കുടുംബാംഗങ്ങളുടെ ഫോൺകോൾ രേഖകളും പരിശോധനയ്ക്ക് വിധേയമാക്കും. വിഷം ഉള്ളിൽച്ചെന്ന് ചികിത്സയിലിരിക്കെ മാതാപിതാക്കൾക്കും സഹോദരിക്കും പിന്നാലെ ഇളയ മകനും മരണത്തിന് കീഴടങ്ങി.
മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് ഏബ്രഹാമിന്റെയും ജോസ്ന തോമസിന്റെയും മകൻ അലൻ തോമസ് (12) ആണ് ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരണമടഞ്ഞത്. അമ്മ ജോസ്ന തോമസ് (43), മകൾ മരിയ തെരേസ തോമസ് (17) എന്നിവർ ശനിയാഴ്ചയും പിതാവ് തോമസ് ഏബ്രഹാം (ജോബി-50) ഞായറാഴ്ചയുമാണ് മരണപ്പെട്ടത്.
അലനും മരിയ തെരേസയും മറ്റക്കര എൻഎസ്എസ് ഹൈസ്കൂളിലെ വിദ്യാർത്ഥികളായിരുന്നു. ഈ കുടുംബത്തിന്റെ സംസ്കാര ചടങ്ങുകൾ നാളെ നടക്കും.
നാളെ രാവിലെ 11 മണിക്ക് ചേപ്പുംപാറ മർത്തമറിയം ദൈവാലയ ഓഡിറ്റോറിയത്തിൽ മൃതദേഹങ്ങൾ പൊതുദർശനത്തിന് വെക്കുന്നതാണ്. തുടർന്ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് പള്ളി സെമിത്തേരിയിൽ സംസ്കാര ചടങ്ങുകൾ നടക്കും.

