കൊച്ചിയിൽ പുരോഗമിക്കുന്ന ഓപ്പറേഷൻ സതേൺ റെഡിനെസ് ബഹുരാഷ്ട്ര സമുദ്ര സുരക്ഷാ പരിശീലനത്തിന്റെ രണ്ടാം ദിവസം ഇന്ത്യൻ നേവിയുടെ ഡൈവർമാരുടെ നേതൃത്വത്തിൽ നിർണായക രക്ഷാപ്രവർത്തന മാതൃക അവതരിപ്പിച്ചു. വീശിയടിക്കുന്ന കാറ്റിനെയും വമ്പൻ തിരമാലകളെയും വകഞ്ഞുമാറ്റി ആഴക്കടലിന്റെ ഇരുട്ടിലേക്ക് ഡൈവ് ചെയ്ത്, അപകടത്തിൽപെട്ട് കടലിൽ വീഴുന്ന വൈമാനികരെ സുരക്ഷിതമായി മുകളിൽ എത്തിക്കുന്നതിന്റെ മാതൃകയാണ് സേനാംഗങ്ങൾ കാഴ്ചവെച്ചത്.
ദക്ഷിണ നേവൽ കമാൻഡ് ആതിഥേയത്വം വഹിക്കുന്ന നാലു ദിവസത്തെ പരിശീലന പരിപാടി നാളെ സമാപിക്കും. കൊച്ചിയിലെ ഐഎൻഎസ് ഗരുഡയിലുള്ള വാട്ടർ സർവൈവൽ ട്രെയ്നിങ് ഫെസിലിറ്റിയിലാണു സേനാംഗങ്ങൾ അഭ്യാസ പ്രകടനങ്ങൾ പൂർത്തിയാക്കിയത്.
കൃത്രിമ ജലാശയത്തിൽ ശക്തമായ കാറ്റും തിരമാലകളും ഇരുട്ടും സൃഷ്ടിച്ചുകൊണ്ടായിരുന്നു രണ്ടാം ദിവസത്തെ അവതരണം ക്രമീകരിച്ചിരുന്നത്. ബഹിരാകാശത്തു പോയി തിരിച്ചെത്തുന്ന പേടകങ്ങൾ കടലിലിറങ്ങുമ്പോൾ ഇതേ രീതിയിൽ പരിശീലനം ലഭിച്ച നാവികരാകും പേടകം വീണ്ടെടുക്കുക.
നിലവിൽ നേവിയിലെ പൈലറ്റുമാർ രണ്ടു വർഷത്തിലൊരിക്കൽ ഈ പരിശീലനത്തിൽ പങ്കെടുത്തു വേണം ലൈസൻസ് പുതുക്കാൻ. കൂടാതെ, കോസ്റ്റ് ഗാർഡിനും വിദേശ രാജ്യങ്ങൾക്കും ആവശ്യാനുസരണം നേവി ഇതിന്റെ പരിശീലനം നൽകുന്നുണ്ട്.
അമേരിക്ക, കാനഡ, ഡെൻമാർക്ക്, ശ്രീലങ്ക തുടങ്ങി 26 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഇന്നലെ രക്ഷാപ്രവർത്തനത്തിന്റെ മാതൃക വീക്ഷിക്കാൻ എത്തിയിരുന്നു. വാട്ടർ സർവൈവൽ ട്രെയ്നിങ് ഫെസിലിറ്റിയിലെ ക്യാപ്റ്റൻ സെന്തിൽ കുമാറിന്റെ നേതൃത്വത്തിലാണ് ഇന്നലെ രക്ഷാ പ്രവർത്തനത്തിന്റെ അവതരണം നടത്തിയത്.
കംബൈൻഡ് മാരിടൈം ഫോഴ്സസ് ഡപ്യൂട്ടി കമാൻഡറും റോയൽ നേവിയിൽ കമഡോറുമായ ഡാൻ തോമസ്, റോയൽ കനേഡിയൻ നേവി കമാൻഡറും സിടിഎഫ് 154 ഡപ്യൂട്ടി കമാൻഡറുമായ മെലിസ ഡെസ്ജാർഡിൻസ് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. ഇന്നത്തെ പരിശീലന പരിപാടികൾ ഫോർട്ട് കൊച്ചി മേഖലയിലാണ് നടക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

