ഡൽഹിയിൽ കോൺഗ്രസ് നേതാക്കൾക്ക് നേരെ ഉണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കേരളത്തിൽ വ്യാപകമായ പ്രക്ഷോഭങ്ങൾ അരങ്ങേറുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ തുടങ്ങി വിവിധ ഭാഗങ്ങളിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങി പ്രതിഷേധിച്ചു.
മന്ത്രിമാരും എംഎൽഎമാരും മുതിർന്ന നേതാക്കളും അടക്കമുള്ളവർ സമരങ്ങളിൽ സജീവമായി പങ്കെടുത്തു. ഇതിന്റെ തുടർച്ചയായി നാളെ സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രതിഷേധ പ്രകടനം സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
തലസ്ഥാനത്ത് കെപിസിസി ആസ്ഥാനത്തുനിന്ന് ആരംഭിച്ച മാർച്ച് ലോക്ഭവനിലേക്കാണ് നീങ്ങിയത്. കെപിസിസി അധ്യക്ഷനും മന്ത്രിയുമായ സണ്ണി ജോസഫ്, മന്ത്രിമാരായ എം ലിജു, കെ എ തുളസി തുടങ്ങിയ പ്രമുഖർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി.
കോഴിക്കോട് ഡിസിസിയിൽ നിന്ന് പ്രകടനമായെത്തിയ പ്രവർത്തകർ പുതിയ ബസ് സ്റ്റാൻഡിന് മുന്നിൽ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധം രേഖപ്പെടുത്തി. തുടർന്ന് വി ടി സൂരജ് എംഎൽഎ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയുണ്ടായി.
കൊച്ചിയിൽ റോഡ് തടഞ്ഞുകൊണ്ടായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
പൊലീസ് ജീപ്പ് തടയാൻ ശ്രമിച്ചവരെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ഇതിനുപുറമെ കണ്ണൂരിലും കായംകുളത്തും പ്രവർത്തകർ ട്രെയിൻ തടഞ്ഞും, വയനാട് കൽപ്പറ്റയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചും ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചു.
ദില്ലി പൊലീസിന്റെ അതിക്രമത്തിൽ പ്രതിഷേധിച്ച് ജൂലൈ 22 ബുധനാഴ്ച വൈകുന്നേരം ജില്ലാ ആസ്ഥാനങ്ങളിലും മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലും സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ അറിയിച്ചു. മറ്റൊരു സംഭവത്തിൽ, തിരുവനന്തപുരത്ത് എജി ഓഫീസിലേക്ക് എഐവൈഎഫ് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.
പാർലമെന്റ് മാർച്ചിൽ പങ്കെടുത്ത എഐവൈഎഫ്, എഐഎസ്എഫ് പ്രവർത്തകർക്ക് നേരെ ഉണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചായിരുന്നു ഈ മാർച്ച്. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
പരീക്ഷ ക്രമക്കേടിൽ ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

