ഡൽഹിയിലെ ലോക് കല്യാൺ മാർഗിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് കോൺഗ്രസ് നേതാക്കൾ നടത്തിയ പ്രതിഷേധ മാർച്ചിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര സർക്കാർ രംഗത്ത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ നേതൃത്വത്തിൽ നടന്ന സമരം തെറ്റായതും അപകടകരവുമായ കീഴ്വഴക്കമാണ് സൃഷ്ടിക്കുന്നതെന്ന് കേന്ദ്ര സർക്കാരിലെ ഉന്നതരെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നു.
ഇത് വെറുമൊരു സുരക്ഷാ ഭീഷണി മാത്രമല്ല, ജനാധിപത്യ സംവിധാനങ്ങളിൽ പക്വതയില്ലാത്ത പെരുമാറ്റമാണെന്നും സർക്കാർ വൃത്തങ്ങൾ കുറ്റപ്പെടുത്തി. രാഷ്ട്രീയ നേതാക്കളുടെ വസതികൾ ലക്ഷ്യമിട്ട് അയൽരാജ്യങ്ങളിൽ നടന്ന പ്രക്ഷോഭങ്ങളെക്കുറിച്ചും ഉന്നതർ ഓർമ്മിപ്പിച്ചു.
നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചാ ആരോപണം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കുക, വിദ്യാർത്ഥികൾക്ക് നേരെ ദില്ലിയിലുണ്ടായ പോലീസ് അതിക്രമത്തിൽ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. രാജാജി മാർഗിൽ നിന്ന് ആരംഭിച്ച പ്രതിഷേധം പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം പോലീസ് തടഞ്ഞു.
തുടർന്ന് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച രാഹുൽ ഗാന്ധിയെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ ഉന്തിതള്ളലുണ്ടായി. ഈ സംഭവത്തിൽ രാഹുൽ ഗാന്ധിയുടെ കണ്ണിന് താഴെ പരിക്കേറ്റതായാണ് വിവരം.
കസ്റ്റഡിയിലെടുത്ത നേതാക്കളെ മാറ്റുന്നതിനായി കൊണ്ടുപോയ പോലീസ് ബസിന്റെ വാതിലിൽ പിടിച്ച് പ്രിയങ്ക ഗാന്ധി വധ്ര പ്രതിരോധം തീർത്തത് സ്ഥലത്ത് നാടകീയ രംഗങ്ങൾക്ക് കാരണമായി. സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, കേരള മുഖ്യമന്ത്രി വി ഡി സതീശൻ ഉൾപ്പെടെയുള്ള പ്രമുഖരും നിരവധി എം.പിമാരും മുതിർന്ന നേതാക്കളും പ്രവർത്തകരും സമരത്തിൽ അണിനിരന്നു.
കസ്റ്റഡിയിലെടുത്ത നേതാക്കളെ പിന്നീട് പോലീസ് വിട്ടയച്ചു. സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ അതിക്രമങ്ങളിൽ പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ടാണ് മാർച്ച സംഘടിപ്പിച്ചതെന്ന് രാഹുൽ ഗാന്ധി പിന്നീട് സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

