ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും അധിക വൈദ്യുതി ലഭ്യമായ സാഹചര്യത്തിൽ, ശനി, ഞായർ ദിവസങ്ങളിൽ ഏർപ്പെടുത്തിയിരുന്ന വൈദ്യുതി നിയന്ത്രണം ഒഴിവാക്കി. പവർ കോറിഡോറിൽ തടസ്സങ്ങളില്ലാത്തതും കെഎസ്ഇബിയുടെ പ്രവർത്തനങ്ങളെ കാര്യക്ഷമമാക്കി.
എങ്കിലും ഏകദേശം 650 മെഗാവാട്ട് വൈദ്യുതി ഉയർന്ന നിരക്കിൽ പുറത്തുനിന്നും വാങ്ങിയാണ് നിലവിൽ നിയന്ത്രണം ഒഴിവാക്കിയിരിക്കുന്നത്. നിശ്ചിത ഷെഡ്യൂളിൽ കൂടുതൽ വൈദ്യുതി ഗ്രിഡിൽ നിന്നും നിരന്തരമായി ഉപയോഗിക്കുന്നത് ഗ്രിഡ് കോഡിന്റെ ലംഘനമായതിനാൽ, ഇതൊരു സ്ഥിരമായ പരിഹാരമായി കാണാൻ കഴിയില്ലെന്ന് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ശനിയാഴ്ച രാത്രി 7 മണി മുതൽ 12 മണിവരെ വൈദ്യുതി ലഭ്യതയിൽ ശരാശരി 300 മുതൽ 500 മെഗാവാട്ട് വരെ കുറവ് രേഖപ്പെടുത്തിയിരുന്നു. അന്ന് രാത്രി 7:17-ന് 4833 മെഗാവാട്ട് എന്ന ഉയർന്ന വൈദ്യുതി ആവശ്യകതയാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.
എന്നാൽ, ഞായറാഴ്ച മഴയെത്തുടർന്ന് അന്തരീക്ഷ താപനിലയിൽ കുറവുണ്ടായതോടെ വൈദ്യുതി ആവശ്യകത 600 മുതൽ 700 മെഗാവാട്ട് വരെ കുറഞ്ഞു. ഇതേത്തുടർന്ന് അന്ന് നിയന്ത്രണങ്ങൾ ഒഴിവാക്കാൻ സാധിച്ചു.
ഞായറാഴ്ച രാത്രി 7:24-ന് 4266 മെഗാവാട്ട് വൈദ്യുതിയാണ് ആവശ്യമായി വന്നത്. അതേസമയം, മൺസൂൺ ദുർബലമായതും അണക്കെട്ടുകളിലെ ജലനിരപ്പ് കുറഞ്ഞതും ദേശീയതലത്തിൽ വൈദ്യുതി ലഭ്യതയിലുള്ള കുറവും കാരണം സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

