2001 ജൂൺ 22. കേരളത്തിന്റെ റെയിൽവേ ചരിത്രത്തിലെ ഏറ്റവും ദാരുണമായ ദിനങ്ങളിലൊന്ന്.
മംഗളൂരുവിൽ നിന്നും ചെന്നൈയിലേക്ക് യാത്ര തിരിച്ച ചെന്നൈ മെയിൽ കടലുണ്ടിപ്പുഴയ്ക്ക് കുറുകെയുള്ള പാലത്തിൽ വച്ച് പാളം തെറ്റി പുഴയിലേക്ക് പതിച്ചപ്പോൾ നഷ്ടമായത് 52 ജീവനുകളാണ്. മൂന്നൂറിലധികം പേർക്ക് ഗുരുതരമായി പരുക്കേറ്റു.
പെരുമൺ തീവണ്ടി ദുരന്തത്തിന് ശേഷം സംസ്ഥാനം കണ്ട ഏറ്റവും വലിയ ട്രെയിൻ അപകടമായി ഇത് മാറി.
രക്ഷാപ്രവർത്തനത്തിന്റെ നാളുകൾ
ദുരന്തം നടന്ന സമയത്ത് അവിചാരിതമായി അവിടെ എത്തുകയും രക്ഷാപ്രവർത്തനത്തിൽ മുൻനിരയിൽ നിൽക്കുകയും ചെയ്ത വ്യക്തിയാണ് ഉദയൻ കാർകോളി. പെയ്യുന്ന മഴയെ വകവയ്ക്കാതെ പുഴയിലേക്ക് വീണ ബോഗികൾക്ക് മുകളിൽ വലിഞ്ഞു കയറി അദ്ദേഹം നടത്തിയ ഇടപെടലുകൾ പല ജീവനുകളും രക്ഷിക്കാൻ സഹായിച്ചു.
വള്ളിക്കുന്ന് ഭാഗത്തുനിന്നുള്ള മത്സ്യത്തൊഴിലാളികളും നാട്ടുകാരും അടിയന്തരമായി വള്ളങ്ങളുമായി എത്തിയത് മരണസംഖ്യ കുറയ്ക്കാൻ സഹായിച്ചു. ട്രെയിനിന്റെ ശുചിമുറിക്കുള്ളിൽ കുടുങ്ങിപ്പോയ ഒരു തമിഴ് സ്ത്രീയുടെ “കാപ്പാത്തുങ്കേ” എന്ന നിലവിളി ഇന്നും താൻ ഓർക്കുന്നുവെന്ന് ഉദയൻ പറയുന്നു.
മരണത്തിന്റെ പിടിയിൽ നിന്നും അവരെ രക്ഷപ്പെടുത്തിയപ്പോൾ അവർ കൈകൂപ്പി പറഞ്ഞ “ഉങ്കൾക്ക് കോടി പുണ്യം കെടയ്ക്കും…” എന്ന വാചകം ഇന്നും ഉദയന്റെ മനസ്സിലുണ്ട്. രക്ഷാപ്രവർത്തനത്തിൽ നാട്ടുകാർ കാട്ടിയ മാതൃക വിസ്മരിക്കാനാവാത്തതാണ്.
പള്ളിയിലെ ബാങ്ക് വിളി മാറ്റിവെച്ച് ഉച്ചഭാഷിണി രക്ഷാപ്രവർത്തന ഏകോപനത്തിനായി വിട്ടുനൽകിയതും, അപകടത്തിൽപ്പെട്ടവരുടെ പണവും ആഭരണങ്ങളും ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ ഒന്നുപോലും നഷ്ടപ്പെടാതെ തിരികെ നൽകിയതും മനുഷ്യത്വത്തിന്റെ ഉത്തമ ഉദാഹരണങ്ങളായി മാറി. റോഡുകളിലുടനീളം ആംബുലൻസുകൾക്ക് വഴിമാറിക്കൊടുക്കാൻ നാട്ടുകാർ കൈകോർത്തു നിന്നത് ആശുപത്രികളിലേക്കുള്ള യാത്ര വേഗത്തിലാക്കി.
ഭാർഗവിയുടെ കണ്ണീർക്കാഴ്ച
ദുരന്തത്തിന്റെ നടുക്കുന്ന ഓർമ്മകൾ പേറുന്ന ഒരാളാണ് ഇരിങ്ങണ്ണൂർ നരിക്കോട്ട് പറമ്പത്ത് ഭാർഗവി. ഭർത്താവ് എൻ.പി.
കുമാരൻ നമ്പ്യാർ ഈ അപകടത്തിൽ മരണപ്പെട്ടു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഭാർഗവി ദീർഘകാലം ചികിത്സയിലായിരുന്നു.
ഭർത്താവിനെ അവസാനമായി കാണാൻ ആശുപത്രിയിൽ നിന്നും സ്ട്രക്ച്ചറിൽ മെഡിക്കൽ കോളേജിലേക്ക് പോകേണ്ടി വന്ന ആ ദയനീയാവസ്ഥ ഇന്നും ഇവരുടെ മനസ്സിനെ വേദനിപ്പിക്കുന്നു. 25 വർഷങ്ങൾക്കിപ്പുറവും ദുരിതങ്ങൾ വിട്ടൊഴിഞ്ഞിട്ടില്ലെന്ന് 72 വയസ്സുകാരിയായ ഭാർഗവി പറയുന്നു.
സ്മരണാഞ്ജലി
അപകടം നടന്ന് കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ, ജൂൺ 22-ന് കടലുണ്ടിയിലെ താൽക്കാലിക സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടക്കും. അപകടത്തിൽപ്പെട്ടവരും ബന്ധുക്കളും നാട്ടുകാരും ഒത്തുചേർന്ന് പ്രിയപ്പെട്ടവരുടെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കും.
റെയിൽവേയുടെ കണ്ടെത്തൽ പ്രകാരം പാലത്തിന്റെ പഴക്കവും ബലക്കുറവുമാണ് അപകടത്തിന് കാരണമായത്. തുടർന്ന് രണ്ടര മാസം നീണ്ട
നിർമ്മാണ പ്രവർത്തനങ്ങൾക്ക് ശേഷമാണ് പാലം ഗതാഗതയോഗ്യമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

