കൊച്ചി വൈറ്റില സിൽവർ സാൻഡ് ഐലൻഡിലെ ബലക്ഷയം കണ്ടെത്തിയ ചന്ദർകുഞ്ജ് ഫ്ലാറ്റ് സമുച്ചയത്തിലെ ഇരട്ട ടവറുകൾ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് നിയന്ത്രിതമായി (ഇംപ്ലോഷൻ) പൊളിച്ചുമാറ്റാൻ നടപടികൾ തുടങ്ങി.
ഈ ദൗത്യത്തിനായി ചുമതലപ്പെടുത്തിയിട്ടുള്ള എഡിഫസ് എൻജിനീയറിങ് കമ്പനിയുടെ സാങ്കേതിക വിദഗ്ധർ കെട്ടിടത്തിൽ നേരിട്ടെത്തി പരിശോധന നടത്തി. കെട്ടിടത്തിന്റെ ഘടനാപരമായ ബലം, ഭാരം താങ്ങാനുള്ള ശേഷി, കോൺക്രീറ്റിന്റെ നിലവാരം, കമ്പികളുടെ അവസ്ഥ എന്നിവ വിലയിരുത്തുന്നതിനായിരുന്നു പരിശോധനയെന്ന് എഡിഫസ് എൻജിനീയറിങ് പാർട്ണർ ഉത്കർഷ് മേത്ത വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കൻ പങ്കാളികളായ ജെറ്റ് ഡിമോളിഷൻസിലെ ഓപ്പറേഷൻ മാനേജർ കെവിൻ സ്മിത്ത്, സാങ്കേതിക വിദഗ്ധൻ റോബർട്ട് ബ്രിങ്ക്മാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സ്ട്രക്ചറൽ എൻജിനീയർ അനിൽ ജോസഫും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
നേരത്തെ മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ ഉപയോഗിച്ച അതേ സാങ്കേതികവിദ്യ തന്നെയായിരിക്കും ഇവിടെയും സ്വീകരിക്കുകയെന്ന് ഉത്കർഷ് മേത്ത പറഞ്ഞു. ജില്ലാ ഭരണകൂടത്തിൽ നിന്ന് അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും, ആർമി വെൽഫെയർ ഹൗസിങ് ഓർഗനൈസേഷനുമായി (എഡബ്ല്യുഎച്ച്ഒ) കരാർ ഒപ്പിടുന്ന നടപടി പൂർത്തിയായിട്ടില്ല.
ഇതിനായി ഈ മാസം 24-ന് കലക്ടറുടെ നേതൃത്വത്തിൽ നിർണായക യോഗം ചേരും. ആറു മാസമാണ് കെട്ടിടം പൊളിച്ചുനീക്കാൻ അനുവദിച്ചിരിക്കുന്ന കരാർ കാലാവധി.
രണ്ട് ടവറുകൾ ഒരേസമയം പൊളിക്കണോ അതോ ഘട്ടംഘട്ടമായി വേണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉടനുണ്ടാകും. സമീപത്തുള്ള കൊച്ചി മെട്രോ റെയിൽ പാതയ്ക്ക് ദോഷകരമായ രീതിയിൽ പ്രകമ്പനം ഉണ്ടാകാതെ ശാസ്ത്രീയമായിട്ടായിരിക്കും കെട്ടിടം തകർക്കുകയെന്ന് അദ്ദേഹം ഉറപ്പുനൽകി.
എന്താണ് ഇംപ്ലോഷൻ?
കെട്ടിടത്തെ പുറത്തേക്ക് ചിതറിക്കാതെ, ഉള്ളിലേക്ക് തകർന്നു വീഴുന്ന രീതിയാണിത്. കെട്ടിടത്തിന്റെ പ്രധാന തൂണുകളിൽ നിയന്ത്രിതമായി സ്ഫോടകവസ്തുക്കൾ നിറച്ച് തകർക്കുമ്പോൾ, ഗുരുത്വാകർഷണ ബലത്താൽ കെട്ടിടം സ്വന്തം അടിത്തറയിലേക്ക് തന്നെ നിലംപതിക്കും.
സമീപത്തുള്ള മറ്റ് കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാത്ത സുരക്ഷിതമായ രീതിയാണിത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

