അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമായ കോവളത്ത് ഓൺലൈൻ ടാക്സി സർവീസുകൾക്കെതിരായ തടസ്സങ്ങൾ വീണ്ടും രൂക്ഷമാകുന്നു. ഞായറാഴ്ച രാവിലെ കോവളത്തെ പ്രമുഖ റിസോർട്ടിൽനിന്നും യാത്രക്കാരെ കയറ്റാനെത്തിയ ഊബർ ഡ്രൈവറെ പ്രാദേശിക ടാക്സി ഡ്രൈവർമാർ തടഞ്ഞത് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.
സംഭവത്തിൽ ഊബർ ഡ്രൈവർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ, പ്രാദേശിക ഡ്രൈവർമാർ തന്നെ തടയുന്നതും പ്രദേശത്തുനിന്ന് യാത്രക്കാരെ കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് പറയുന്നതും വ്യക്തമാണ്. ഈ സാഹചര്യത്തിൽ യാത്ര റദ്ദാക്കാൻ താൻ നിർബന്ധിതനായെന്ന് ഡ്രൈവർ വ്യക്തമാക്കി.
കോവളത്ത് ഓൺലൈൻ ടാക്സികൾക്ക് നേരെയുള്ള ഇത്തരം ഇടപെടലുകൾ പതിവാണെന്ന് ഡ്രൈവർമാർ ചൂണ്ടിക്കാട്ടുന്നു. ചില സന്ദർഭങ്ങളിൽ ഡ്രൈവർമാരോട് മോശമായി പെരുമാറുന്ന സാഹചര്യങ്ങൾ പോലും ഉണ്ടാകാറുണ്ട്.
അതേസമയം, ഇന്നലെ നടന്ന സംഭവത്തിൽ പ്രാദേശിക ഡ്രൈവർമാർ മോശമായി പെരുമാറിയില്ലെന്നും, എന്നാൽ വാഹനം തിരിച്ചുവിടാൻ നിർബന്ധിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ എത്തുന്ന വിനോദസഞ്ചാരികളുടെ യാത്രാ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന ഇത്തരം നടപടികൾ ടൂറിസം മേഖലയ്ക്ക് വലിയ തിരിച്ചടിയാകുമെന്ന ആശങ്ക വ്യാപകമാണ്.
നഗരത്തിൽനിന്ന് ബുക്ക് ചെയ്യുന്ന യാത്രക്കാർ പലപ്പോഴും കോവളത്ത് എത്തിയ ശേഷമാണ് ഇത്തരം വിലക്കുകളെക്കുറിച്ച് അറിയുന്നത്. ഇത് അനാവശ്യ തർക്കങ്ങൾക്കും സംഘർഷങ്ങൾക്കും കാരണമാകുന്നു.
വിഷയത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ വേണമെന്നാണ് ഡ്രൈവർമാരുടെയും യാത്രക്കാരുടെയും ആവശ്യം. ഓൺലൈൻ ടാക്സി ഡ്രൈവർമാരെ മർദിച്ച സംഭവത്തിൽ കഴിഞ്ഞ മാസം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

