താരസംഘടനയായ അമ്മയിലെ നിലവിലെ പ്രതിസന്ധികളും കൂട്ടരാജിയും സിനിമാ മേഖലയിലും പൊതുസമൂഹത്തിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സംഘടനയുടെ പ്രവർത്തനങ്ങളെയും നിലപാടുകളെയും മുൻനിർത്തി സമൂഹമാധ്യമങ്ങളിൽ വ്യാപകമായ പ്രതികരണങ്ങളാണ് ഉയരുന്നത്.
ഈ സാഹചര്യത്തിൽ, സംഘടനയുടെ ഉത്ഭവകാലത്തെക്കുറിച്ചുള്ള കൗതുകകരമായ ഓർമ്മ പങ്കുവെക്കുകയാണ് നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ.
പല ദശാബ്ദങ്ങൾക്ക് മുൻപ് തിരുവനന്തപുരം പങ്കജ് ഹോട്ടലിൽ വെച്ച് നടന്ന സിനിമാക്കാരുടെ യോഗത്തിലെ അനുഭവമാണ് അദ്ദേഹം വിവരിക്കുന്നത്. മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പമുള്ള പഴയകാല ചിത്രവും അദ്ദേഹം ഇതിനോടൊപ്പം പങ്കുവെച്ചു.
തന്റെ കുറിപ്പിൽ അദ്ദേഹം പങ്കുവെച്ച കാര്യങ്ങൾ ഇങ്ങനെയാണ്: “പത്തു മുപ്പതുകൊല്ലം മുമ്പാണ്, തിരുവനന്തപുരത്ത് പങ്കജ് ഹോട്ടലിൻ്റെ കോൺഫ്രൻസ് ഹാളിൽ മലയാള ചലച്ചിത്ര അഭിനേതാക്കളുടെ ഒരു യോഗം നടക്കുകയാണ്. ഒരു സംഘടന രൂപീകരിക്കണം നടീനടന്മാരുടെ അഭ്യുന്നതി ലക്ഷ്യമാക്കി കൊണ്ട്.
പ്രധാനപ്പെട്ട കർമ്മപരിപാടികളെല്ലാം ചർച്ച ചെയ്തു.
അതിനു ശേഷം അദ്ധ്യക്ഷൻ ചോദിച്ചു. ‘എന്താണ് ഇനി അടുത്ത പരിപാടി?’ സദസ് നിശ്ശബ്ദമായി.
അപ്പോൾ ഒരാൾ- ആരാണെന്ന് ഓർക്കുന്നില്ല- എഴുന്നേറ്റു നിന്നു പറഞ്ഞു.’ പണ്ട് മദ്രാസിൽ വെച്ചും ഇങ്ങനെ ഒരു വലിയ യോഗം നടന്നു. സത്യൻ സാറും നസീർ സാറും മുതൽ മലയാളത്തിലെ പ്രമുഖ നടീനടന്മാർ എല്ലാം യോഗത്തിനെത്തിയിരുന്നു.
നീണ്ട ചർച്ചക്കു ശേഷം സംഘടന രൂപീകരിക്കാൻ തീരുമാനമായി.കമ്മറ്റി രൂപീകരിച്ചു.
പ്രസിഡണ്ടിനേയും സെക്രട്ടറിയേയും തിരഞ്ഞെടുത്തു. പ്രേംനസീർ പ്രസിഡണ്ട്.
സെക്രട്ടറി തിക്കുറിശ്ശി. മീറ്റിംഗ് പിരിയുന്നതിനു മുമ്പ് പ്രസിഡണ്ട് കമ്മറ്റിക്കാരോട് ചോദിച്ചു.
“അപ്പോൾ നടപടിക്രമങ്ങൾ എല്ലാം പൂർത്തിയായി . ഇനി എന്താണ് അടുത്ത പരിപാടി?” സെക്രട്ടറി തിക്കുറിശ്ശി എഴുന്നേറ്റുനിന്നു പറഞ്ഞു.
“ആദ്യം ഒരു നല്ല കെട്ടിടം വാടകക്കെടുത്ത് അവിടെയിരുന്ന് നമ്മൾ മദ്യപാനം തുടങ്ങുന്നു”.” പങ്കജ് ഹോട്ടലിലെ യോഗത്തിനിടെ പകർത്തിയ പഴയകാല ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

