കൊല്ലം എസ്എൻ കോളജിൽ നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിനിക്ക് പരീക്ഷാ ഹാളിൽ പ്രവേശിക്കാൻ ആവശ്യമായ രേഖകൾ വേഗത്തിലെത്തിച്ച് നൽകി പോലീസിന്റെ മാതൃകാപരമായ സേവനം. വള്ളിക്കാവിൽ നിന്ന് പരീക്ഷയ്ക്കെത്തിയ അമൃതേന്ദു എന്ന വിദ്യാർഥിനിക്കാണ് ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥനായ വി.ജോൺ സഹായഹസ്തം നൽകിയത്.
പരീക്ഷാ കേന്ദ്രത്തിൽ എത്തുന്നതിനായി വിദ്യാർഥിനിയും മാതാവ് ദിവ്യയും നേരത്തെ തന്നെ വീട്ടിൽ നിന്ന് യാത്ര തിരിച്ചിരുന്നു. എന്നാൽ, ഇവർ സഞ്ചരിച്ച സൂപ്പർ ഫാസ്റ്റ് ബസ് അമിതമായി വൈകിയതോടെ പരീക്ഷാ കേന്ദ്രത്തിന് മുന്നിൽ ഉച്ചയ്ക്ക് 1.25 ഓടെയാണ് എത്തിച്ചേരാൻ സാധിച്ചത്.
പരീക്ഷാ കേന്ദ്രത്തിന്റെ കവാടത്തിൽ വെച്ച് കമ്മൽ അഴിച്ചുമാറ്റുന്നതിന് വനിതാ പോലീസ് ഉദ്യോഗസ്ഥർ ആവശ്യമായ സഹായങ്ങൾ നൽകി. എങ്കിലും, ഹാൾ ടിക്കറ്റിലെ ഫോട്ടോയ്ക്ക് പുറമേ അധികമായി രണ്ട് ഫോട്ടോകൾ കൂടി ഹാജരാക്കണമെന്ന നിബന്ധന വിദ്യാർഥിനിയെയും രക്ഷിതാവിനെയും ആശങ്കയിലാക്കി.
കഴിഞ്ഞ തവണ ഒരു ഫോട്ടോ മാത്രം മതിയെന്ന ധാരണയിൽ ഒരെണ്ണം മാത്രമാണ് ഇവർ കരുതിയിരുന്നത്. സാഹചര്യം തിരിച്ചറിഞ്ഞ മാതാവ് ദിവ്യ ഉടൻ തന്നെ ഫോട്ടോ എടുക്കുന്നതിനായി അടുത്തുള്ള സ്റ്റുഡിയോയിലേക്ക് ഓടി.
അമൃതേന്ദു അവസാന നിമിഷം പരീക്ഷാ ഹാളിലേക്ക് പ്രവേശിച്ചെങ്കിലും, ഫോട്ടോ കൈമാറേണ്ടതുണ്ടായിരുന്നു. ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്ന സിവിൽ പോലീസ് ഉദ്യോഗസ്ഥനായ വി.ജോൺ ഉടൻ തന്നെ സ്റ്റുഡിയോയിലേക്ക് പോയി ഫോട്ടോ കൈപ്പറ്റി തിരികെ എത്തിച്ച് പരീക്ഷാ അധികൃതർക്ക് കൈമാറി.
ഉദ്യോഗസ്ഥന്റെ കൃത്യസമയത്തുള്ള ഇടപെടൽ വിദ്യാർഥിനിക്കും രക്ഷിതാക്കൾക്കും വലിയ ആശ്വാസമായി. തങ്ങളെ സഹായിച്ച പോലീസുകാരോട് ഇരുവരും നന്ദി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

