സംസ്ഥാന സർക്കാരിന്റെ ദൈനംദിന ചെലവുകൾക്കും ശമ്പള-പെൻഷൻ വിതരണത്തിനുമായി വീണ്ടും കടമെടുക്കാൻ തീരുമാനം. റിസർവ് ബാങ്കിന്റെ ഇ-കുബേർ സംവിധാനം മുഖേന കടപ്പത്രങ്ങൾ പുറത്തിറക്കി മേയ് 26-ന് ആദ്യഘട്ട
കടമെടുപ്പ് നടക്കും. കേന്ദ്രസർക്കാർ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് സർക്കാരിന് വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്.
പുതിയ സർക്കാർ അധികാരമേൽക്കുന്നതിന് മുൻപായി മേയ് 12-ന് 2,800 കോടി രൂപ സർക്കാർ വായ്പ എടുത്തിരുന്നു. ഏഴു വർഷം കാലാവധിയിൽ 400 കോടി രൂപയും, 11 വർഷം കാലാവധിയിൽ 1,000 കോടി രൂപയും, 16 വർഷം കാലാവധിയിൽ 1,400 കോടി രൂപയുമാണ് അന്ന് സമാഹരിച്ചത്.
ഇതോടെ നടപ്പു സാമ്പത്തിക വർഷത്തെ ആകെ പൊതുകടം 4,600 കോടി രൂപയായി ഉയർന്നിരിക്കുകയാണ്. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ ഒമ്പത് മാസത്തേക്ക് (ഏപ്രിൽ-ഡിസംബർ) 23,000 കോടി രൂപ കടമെടുക്കാനാണ് കേന്ദ്രം അനുമതി നൽകിയിരിക്കുന്നത്.
മുൻ വർഷം ഇതേ കാലയളവിൽ 29,529 കോടി രൂപ അനുവദിച്ചിരുന്ന സ്ഥാനത്താണിത്. ധന ഉത്തരവാദിത്ത നിയമം (എഫ്ആർബിഎം) പ്രകാരം 48,872 കോടി രൂപ വരെ കടമെടുക്കാൻ കേരളത്തിന് അർഹതയുണ്ടെങ്കിലും, കിഫ്ബി, പെൻഷൻ കമ്പനി എന്നിവയുടെ വായ്പകൾ കൂടി പരിഗണിച്ച് കേന്ദ്രം കടപരിധിയിൽ കടുത്ത വെട്ടിക്കുറവ് വരുത്തുകയായിരുന്നു.
ഈ സാമ്പത്തിക നിയന്ത്രണങ്ങൾ വി.ഡി. സതീശൻ സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളെ പ്രതികൂലമായി ബാധിച്ചേക്കും.
ക്ഷേമപെൻഷൻ 3,000 രൂപയായി വർധിപ്പിക്കണമെങ്കിൽ പ്രതിമാസം 1,680 കോടി രൂപ ആവശ്യമാണ്. കൂടാതെ, കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പിലാക്കിയാൽ പ്രതിമാസം 112 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകും.
കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള സാമ്പത്തിക തർക്കങ്ങൾ മുൻകാലങ്ങളിൽ സുപ്രീം കോടതി വരെ എത്തിയിരുന്ന പശ്ചാത്തലത്തിൽ, പുതിയ സർക്കാർ വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിർണ്ണായകമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

