നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ പൂർണ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിന്റേതാണെന്ന രൂക്ഷ വിമർശനം വിവിധ ജില്ലാ കമ്മിറ്റികളിൽ ഉയരുന്നതിനിടെ, കീഴ്ഘടകങ്ങളെ സംശയത്തിന്റെ നിഴലിലാക്കി സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നീക്കം. തോൽവിയുടെ ഉത്തരവാദിത്തം കീഴ്ഘടകങ്ങളിൽ മാത്രം കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി 34 ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലി നേതൃത്വം തയ്യാറാക്കി.
സംസ്ഥാന കമ്മിറ്റിയംഗങ്ങളുടെ സാന്നിധ്യത്തിൽ ഇന്നു മുതൽ ആരംഭിക്കുന്ന ഏരിയ കമ്മിറ്റി യോഗങ്ങൾക്ക് മുന്നോടിയായാണ് ഈ ചോദ്യാവലി കൈമാറിയിരിക്കുന്നത്. ഭരണവിരുദ്ധ തരംഗത്തേക്കാൾ ഉപരിയായി, മുഖ്യമന്ത്രി പിണറായി വിജയനെതിരായ വികാരം വോട്ടെടുപ്പിനെ ബാധിച്ചെന്നും എം.വി.
ഗോവിന്ദന്റെ ഭാര്യയെ സ്ഥാനാർത്ഥിയാക്കിയത് തിരിച്ചടിയായെന്നും ജില്ലാ കമ്മിറ്റികളിൽ വിമർശനം ഉയർന്നിരുന്നു. പിണറായി വിജയനെയും എം.വി.
ഗോവിന്ദനെയും അതത് സ്ഥാനങ്ങളിൽ നിന്ന് മാറ്റണമെന്ന ആവശ്യം പോലും പലയിടത്തും ഉയർന്നു. എന്നാൽ, താഴേത്തട്ടിലുള്ള പ്രവർത്തന പാളിച്ചകളാണ് വോട്ട് കുറയാൻ കാരണമെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം.
സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിൽ കീഴ്ഘടകങ്ങൾ പരാജയപ്പെട്ടോ, ക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ യോഗം ചേർന്നോ, ലൈഫ് മിഷൻ പദ്ധതികൾ ഗുണം ചെയ്തോ, കുടുംബശ്രീ അംഗങ്ങൾ, ആശാ വർക്കർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെ പ്രവർത്തനം എങ്ങനെയായിരുന്നു തുടങ്ങിയവയാണ് ചോദ്യങ്ങളിൽ പ്രധാനം. പാർട്ടി വിട്ടുപോയവരെ തിരികെ കൊണ്ടുവരാനുള്ള ഇടപെടലുകൾ നടന്നോ എന്നും ചോദിക്കുന്നു.
കൂടാതെ, ലോക്സഭാ-തദ്ദേശ തിരഞ്ഞെടുപ്പുകളിലെ തിരിച്ചടികളും കീഴ്ഘടകങ്ങളുടെ വീഴ്ചയാണെന്ന വിലയിരുത്തലുമുണ്ട്. ബിജെപി-സിപിഎം ഡീൽ ഉണ്ടെന്ന യുഡിഎഫ് ആരോപണത്തിന് മറുപടിയായി, ബിജെപി യുഡിഎഫിനെ സഹായിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാനും നിർദ്ദേശമുണ്ട്.
അതിനിടെ, വാർത്താ സമ്മേളനങ്ങളിലെ തന്റെ ശരീരഭാഷ മെച്ചപ്പെടുത്തണമെന്ന വിമർശനം എം.വി. ഗോവിന്ദൻ ശരിവെച്ചു.
തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ ശരീരഭാഷയെക്കുറിച്ച് വീട്ടിൽ നിന്നും വിമർശനം കേട്ടിട്ടുണ്ടെന്നും, “കണ്ണാടിയിൽ നോക്കാറുണ്ടോ എന്നു മകൻ ഒരിക്കൽ ചോദിച്ചെന്നും” അദ്ദേഹം തമാശ രൂപേണ പങ്കുവെച്ചു.
മാധ്യമപ്രവർത്തകരോട് മറുചോദ്യം ചോദിക്കുന്ന രീതി അവസാനിപ്പിച്ചതായും അദ്ദേഹം യോഗത്തിൽ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

