കല്ലാർ–പൊന്മുടി റോഡിൽ ഉണ്ടായ കാർ അപകടത്തിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ത്രയനന്ദ ദാരുണമായി മരിച്ചു. കല്ലറ വളക്കുഴിപ്പച്ച തോപ്പുവിള വീട്ടിൽ മിതൃമ്മല ഗവ.
ബോയ്സ് എച്ച്എസ്എസ് അധ്യാപകൻ അനീഷിന്റെയും ശാലുവിന്റെയും മകളാണ് ത്രയനന്ദ. ബുധനാഴ്ച കല്ലറ ഗവ.
വിഎച്ച്എസ്എസിൽ മൂന്നാം ക്ലാസിലേക്കുള്ള പ്രവേശനം നേടിയതിന്റെ ആവേശത്തിലായിരുന്നു കുട്ടി. അനീഷന്റെ സഹോദരൻ അനൂപിനൊപ്പം വിനോദയാത്രയ്ക്കായി പൊന്മുടിയിലേക്ക് പോയ സംഘത്തിലാണ് ത്രയനന്ദ ഉണ്ടായിരുന്നത്.
അനൂപിന്റെ ഭാര്യ അനു, മക്കളായ നിവേദ്, തീർഥ, സുഹൃത്തുക്കളായ അഖിന, ഗോപിക എന്നിവരും യാത്രയിലുണ്ടായിരുന്നു. തിരികെ വരുംവഴി പൊന്മുടിയിലെ 22 കൊടുംവളവുകളിൽ അവസാനത്തേതിന് തൊട്ടുമുൻപുള്ള 200 മീറ്റർ ദൂരത്തിനിടയിലാണ് അപകടം നടന്നത്.
നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച ശേഷം 30 അടി താഴ്ചയിലേക്ക് കീഴ്മേൽ മറിയുകയായിരുന്നു.
സംഭവം അറിഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് കാറിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. കാറിന്റെ ചില്ലുകൾ തകർന്ന നിലയിലായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ത്രയനന്ദയെ വനം വകുപ്പിന്റെ വാഹനത്തിൽ ഉടൻ തന്നെ 13 കിലോമീറ്റർ അകലെയുള്ള വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റു ആറു പേർക്കും അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്.
നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടിലെത്തിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

