ആലപ്പുഴ ജില്ലാക്കോടതി പാലം പുനർനിർമ്മാണത്തിന്റെ ഭാഗമായി സജ്ജീകരിച്ച സർവീസ് റോഡുകൾ അതീവ ശോചനീയാവസ്ഥയിലായി. വടക്കേക്കരയിലും തെക്കേക്കരയിലും ഗതാഗതത്തിനായി തുറന്നുകൊടുത്ത പാതകൾ കല്ലും ചെളിയും നിറഞ്ഞ് യാത്രക്കാർക്ക് വലിയ ദുരിതമാണ് സമ്മാനിക്കുന്നത്.
തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തിടുക്കത്തിൽ യാത്രാസൗകര്യം ഒരുക്കിയെങ്കിലും, റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനായി കിഫ്ബി ഉദ്യോഗസ്ഥരോ കരാർ കമ്പനിയോ ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ല. എസ്.ഡി.വി സ്കൂൾ മുതൽ മുനിസിപ്പൽ ലൈബ്രറി വരെയുള്ള ഭാഗത്തെ സർവീസ് റോഡിന്റെ സ്ഥിതി അതീവ ദയനീയമാണ്.
ഈ പാത സഞ്ചാരയോഗ്യമാക്കുമെന്ന് മുൻ നഗരസഭാ അധികൃതരും നിലവിലെ ഭരണസമിതിയും ആവർത്തിച്ച് പ്രഖ്യാപിച്ചിരുന്നെങ്കിലും കാര്യക്ഷമമായ നടപടികൾ ഉണ്ടായിട്ടില്ല. ടൈലുകളും വലിയ കല്ലുകളും ഇളകി കിടക്കുന്ന റോഡിൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവ അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്.
മുല്ലയ്ക്കൽ മുതൽ അലുക്കാസ് വരെയുള്ള ഭാഗങ്ങളിലും, മുല്ലയ്ക്കൽ മുതൽ ചെത്തുതൊഴിലാളി യൂണിയൻ ഓഫിസ് വരെയുള്ള പ്രദേശങ്ങളിലും സ്ഥിതി സമാനമാണ്. വ്യാപാരികളുടെയും റസിഡന്റ്സ് അസോസിയേഷനുകളുടെയും ശക്തമായ പ്രക്ഷോഭത്തിനൊടുവിലാണ് മൂന്ന് മീറ്റർ വീതിയിൽ ഈ റോഡുകൾ അനുവദിച്ചത്.
എന്നാൽ, മഴ കൂടി പെയ്തതോടെ ചെളിക്കുളമായി മാറിയ പാതയിൽ വലിയ കുഴികളും നിർമ്മാണാവശിഷ്ടങ്ങളും ഗതാഗതത്തിന് ഭീഷണിയാകുന്നു. കൂടാതെ, റോഡിനടിയിലൂടെയുള്ള പൈപ്പ്ലൈനുകൾ പൊട്ടുന്നത് പതിവായതോടെ കുടിവെള്ള വിതരണവും പ്രതിസന്ധിയിലായിട്ടുണ്ട്.
പാലം നിർമ്മാണം പൂർത്തിയാകും വരെ പൈപ്പ്ലൈൻ വഴിയുള്ള വിതരണത്തിന് ബദൽ സംവിധാനങ്ങൾ ഒരുക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. അതേസമയം, ജില്ലാക്കോടതി പാലത്തിന്റെ നിർമ്മാണം ഏറെ മന്ദഗതിയിലാണ് പുരോഗമിക്കുന്നത്.
മാർച്ചിൽ തുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങളിലെ മെല്ലെപ്പോക്ക് ഏപ്രിൽ മാസത്തോടെ പൂർണ്ണമായും നിലച്ചു. നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന അതിഥിത്തൊഴിലാളികളിൽ ഭൂരിഭാഗം പേരും പശ്ചിമ ബംഗാളിലേക്ക് വോട്ട് ചെയ്യാൻ പോയ ശേഷം തിരികെ എത്തിയിട്ടില്ല.
തിരഞ്ഞെടുപ്പ് ഫലവും തുടർന്നുണ്ടായ ഭരണപരമായ മാറ്റങ്ങളും കിഫ്ബി ഉദ്യോഗസ്ഥരുടെ നിസ്സംഗതയും നിർമ്മാണ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

