മലയാള ചലച്ചിത്ര-സംഗീത മേഖലകളിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് പ്രശസ്ത കവിയും ഗാനരചയിതാവും സംഗീത സംവിധായകനും തിരക്കഥാകൃത്തും സംഗീതചികിത്സകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയെ 2026-ലെ ‘എയ്മ അക്ഷരമുദ്ര പുരസ്കാരത്തിന്’ തിരഞ്ഞെടുത്തു. ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) ദേശീയ പ്രസിഡണ്ട് ഗോകുലം ഗോപാലൻ, ജനറൽ സെക്രട്ടറി കേ ആർ മനോജ് എന്നിവരാണ് പുരസ്കാര വിവരം അറിയിച്ചത്.
50,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുരസ്കാരം 2026 ജൂലൈ 19-ന് ഒഡീഷയിലെ ഭുവനേശ്വറിൽ വെച്ച് നടക്കുന്ന എയ്മ ദേശീയ സമ്മേളനത്തിൽ വെച്ച് സമ്മാനിക്കും. ഭാനുപ്രകാശ്, കേ വി മോഹൻകുമാർ, സുനിൽ പി ഇളയിടം, ഡോ എ എം ഉണ്ണികൃഷ്ണൻ, സി രാധാകൃഷ്ണൻ, കേ ജയകുമാർ, സൂര്യ കൃഷ്ണമൂർത്തി, ശ്രീകുമാരൻ തമ്പി എന്നിവരാണ് മുൻ വർഷങ്ങളിൽ ഈ പുരസ്കാരത്തിന് അർഹരായ പ്രമുഖർ.
1950 ആഗസ്റ്റ് 4-ന് കണ്ണൂർ ജില്ലയിലെ കൈതപ്രം ഗ്രാമത്തിൽ സംഗീതജ്ഞൻ കണ്ണാടി ഭാഗവതരുടെ മകനായാണ് കൈതപ്രത്തിന്റെ ജനനം. 1986-ൽ പുറത്തിറങ്ങിയ ‘എന്നെന്നും കണ്ണേട്ടൻ്റെ’ എന്ന ചിത്രത്തിലെ “ദേവദുന്ദുഭി സാന്ദ്രലയം” എന്ന ഗാനത്തിലൂടെ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച അദ്ദേഹം, പിന്നീട് 346-ലധികം സിനിമകൾക്കായി നാലായിരത്തിലധികം ഗാനങ്ങൾ രചിച്ചു.
ജോൺസൺ, രവീന്ദ്രൻ, ഔസേപ്പച്ചൻ, മോഹൻ സിതാര, വിദ്യാസാഗർ, എസ് പി വെങ്കിടേഷ് തുടങ്ങിയ പ്രമുഖ സംഗീതസംവിധായകരോടൊപ്പം അദ്ദേഹം സഹകരിച്ചിട്ടുണ്ട്. സംഗീതത്തിന് പുറമെ അഭിനയം, തിരക്കഥാ രചന എന്നീ മേഖലകളിലും അദ്ദേഹം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
‘ദേശാടനം’, ‘കളിയാട്ടം’ എന്നീ ചിത്രങ്ങൾക്ക് സംഗീതം പകർന്ന അദ്ദേഹം ‘സ്വാതി തിരുനാൾ’, ‘ഹിസ് ഹൈനസ് അബ്ദുല്ല’, ‘ആര്യൻ’, ‘തീർത്ഥാടനം’ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളും കൈകാര്യം ചെയ്തു. രാജ്യം പത്മശ്രീ നൽകി ആദരിച്ച അദ്ദേഹത്തെ തേടി നിരവധി അംഗീകാരങ്ങൾ എത്തിയിട്ടുണ്ട്.
1993-ൽ “പൈതൃകം”, 1996-ൽ “അഴകിയ രാവണൻ” എന്നീ ചിത്രങ്ങളിലൂടെ മികച്ച ഗാനരചയിതാവിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും, 1997-ൽ “കാരുണ്യം” എന്ന ചിത്രത്തിലൂടെ മികച്ച സംഗീതസംവിധായകനുള്ള പുരസ്കാരവും കൈതപ്രം നേടിയിട്ടുണ്ട്. കൂടാതെ വിവിധ വർഷങ്ങളിലായി കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങളും ദക്ഷിണേന്ത്യൻ ഫിലിംഫെയർ അവാർഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
2025-ൽ കേരള സർക്കാർ-തിരുവിതാംകൂർ ദേവസ്വം ബോർഡ് സംയുക്തമായി ഏർപ്പെടുത്തിയ ഹരിവരാസനം പുരസ്കാരവും അദ്ദേഹം കരസ്ഥമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

