കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായി സൗജന്യ യാത്രാ സൗകര്യം ഏർപ്പെടുത്തുന്നത് കോർപ്പറേഷന് കനത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഗതാഗത സെക്രട്ടറിയുടെ റിപ്പോർട്ട്. കഴിഞ്ഞ മൂന്നു മാസത്തെ യാത്രാ കണക്കുകൾ സൂക്ഷ്മമായി വിശകലനം ചെയ്ത ശേഷമാണ് ഗതാഗത വകുപ്പ് ഇത്തരമൊരു വിലയിരുത്തലിൽ എത്തിച്ചേർന്നത്.
പദ്ധതി പൂർണ്ണതോതിൽ നടപ്പിലാക്കുകയാണെങ്കിൽ കോർപ്പറേഷന് 112 കോടി രൂപയുടെ അധിക ബാധ്യത വരുമെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. അതേസമയം, സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രമായി നിജപ്പെടുത്തുകയാണെങ്കിൽ നഷ്ടം 57 കോടി രൂപയായി കുറയ്ക്കാൻ സാധിക്കുമെന്ന് റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു.
ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന യുഡിഎഫ് സർക്കാർ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പഠനം നടത്തിയത്. യാത്രക്കാരായ സ്ത്രീകളുടെ കൃത്യമായ വിവരങ്ങൾ ശേഖരിക്കുന്നതിനായി നേരത്തെ കെഎസ്ആർടിസി ജെൻഡർ ടിക്കറ്റിങ് സംവിധാനം ഏർപ്പെടുത്തിയിരുന്നു.
ഇതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി എംഡി തയ്യാറാക്കിയ റിപ്പോർട്ട് ഗതാഗത സെക്രട്ടറിക്ക് കൈമാറുകയായിരുന്നു. തുടർനടപടികൾക്കായി ഗതാഗത വകുപ്പ് ഈ റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയ്ക്കായി സമർപ്പിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

