ആമ്പല്ലൂർ മേഖലയിലെ ദേശീയപാതയിൽ നിർമിച്ചിട്ടുള്ള അടിപ്പാതയുടെ അശാസ്ത്രീയമായ നിർമാണം പ്രദേശത്ത് ഗുരുതരമായ വെള്ളക്കെട്ട് ഭീഷണി സൃഷ്ടിക്കുന്നു. കേളിത്തോട് മുതൽ മണലിപ്പുഴ വരെയുള്ള പ്രദേശങ്ങളിൽ ജലനിർഗമനത്തിനായി കൃത്യമായ ഡ്രെയിനേജ് സംവിധാനങ്ങൾ ഒരുക്കാത്തതാണ് സ്ഥിതി സങ്കീർണമാക്കുന്നത്.
ദേശീയപാതയുടെ അടിപ്പാത ഭാഗങ്ങളിലൂടെ പടിഞ്ഞാറേക്ക് ഒഴുകിയെത്തുന്ന വെള്ളം നെന്മണിക്കരയിലേക്ക് വ്യാപിക്കുന്നതാണ് പ്രധാന പ്രതിസന്ധി. മഴക്കാലം ആരംഭിക്കുന്നതിന് മുൻപ് ശാശ്വതമായ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നെന്മണിക്കര പഞ്ചായത്ത് അധികൃതർ ദേശീയപാത അതോറിറ്റിക്ക് പരാതി നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ദേശീയപാത ഉദ്യോഗസ്ഥർ ആമ്പല്ലൂരിൽ നേരിട്ടെത്തി പരിശോധന നടത്തി. നിലവിലെ സാഹചര്യത്തിൽ വെള്ളം ഒഴുക്കിക്കളയാൻ സംവിധാനമില്ലാത്തത് മൂലം നെന്മണിക്കരയിലേക്കുള്ള മൂന്ന് പ്രധാന റോഡുകളുടെയും പ്രവേശന കവാടങ്ങളിൽ ചെളിയും വെള്ളക്കെട്ടും രൂപപ്പെടാൻ സാധ്യതയേറെയാണ്.
ഈ മേഖലയിലെ അഞ്ഞൂറിലധികം വീടുകൾ, വിവിധ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിലേക്കുള്ള യാത്രാ സൗകര്യം തടസ്സപ്പെടുകയോ അപകടാവസ്ഥയിലാകുകയോ ചെയ്യാൻ സാധ്യതയുണ്ടെന്ന് പഞ്ചായത്ത് കമ്മിറ്റി വിലയിരുത്തുന്നു. ദേശീയപാത മുറിച്ചുകടക്കുന്ന വെള്ളം പുഴയിലേക്ക് ഒഴുക്കിവിടുന്നതിനായി ശാസ്ത്രീയമായ ഓവുചാൽ സംവിധാനം അടിയന്തരമായി നിർമിക്കണമെന്നാണ് പഞ്ചായത്തിന്റെ ആവശ്യം.
പരിശോധനാ വേളയിൽ നെന്മണിക്കര പഞ്ചായത്ത് പ്രസിഡന്റ് വി.ടി.വിജയലക്ഷ്മി, വൈസ് പ്രസിഡന്റ് കെ.എ.സുരേഷ്, അംഗം വി.ആർ.സുരേഷ് എന്നിവർ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

